കണ്ണൂര്‍:ഉളിക്കലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് വണ്ടിച്ചെക്ക്. കര്‍ഷകന്‍ കൊല്ലപ്പെട്ട് 52 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞിട്ടും നയാപൈസ പോലും സര്‍ക്കാരില്‍ നിന്നും ലഭിക്കാത്ത അവസ്ഥ. എന്നാല്‍ ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ ഉടനടി അക്കൗണ്ടിലേക്ക് പണം കൈമാറി സര്‍ക്കാര്‍ തടിയൂരി (Kannur Wild Elephant Attack).
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 11നാണ് ഉളിക്കല്‍ സ്വദേശിയായ ആത്രശ്ശേരി ജോസെന്ന കര്‍ഷകന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉളിക്കല്‍ ടൗണിലെത്തിയ കാട്ടാന ജോസിനെ ആക്രമിക്കുകയായിരുന്നു. ടൗണില്‍ പോയ ജോസ് തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് ഒക്‌ടോബര്‍ 12ന് അദ്ദേഹത്തിന്‍റെ മൃതദേഹം ടൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത് (Elephant Attack Kannur ).
ജോസ് മരിച്ചതിന്‍റെ ഏഴാം ദിവസമാണ് കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സര്‍ക്കാര്‍ കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിനിടെ കര്‍ഷകരോടുള്ള കരുതലെന്നോണം ഇക്കാര്യം മുഖ്യമന്ത്രി വേദിയില്‍ പങ്കിടുകയും ചെയ്‌തിരുന്നു. ചെക്കുമായി ബാങ്കിലെത്തിയെങ്കിലും നയാപൈസ ലഭിച്ചിരുന്നില്ല. ട്രഷറിയില്‍ പണം ഇല്ലാത്തത് കൊണ്ടാണ് ചെക്ക് മാറാന്‍ സാധിക്കാത്തതെന്നായിരുന്നു ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്‍റിന്‍റെ വാദം (Forest Department Kannur).