ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിക്കുന്നു കണ്ണൂർ:തന്‍റെ സ്‌റ്റാഫ് അഖിൽ മാത്യുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തില്‍ (Bribe Allegation) മറുപടിയുമായി ആരോഗ്യമന്ത്രി (Health Minister) വീണ ജോർജ് (Veena George) രംഗത്ത്. താല്‍കാലിക നിയമനത്തിന് (Temporary Appointment) അഖിൽ മാത്യു (Akhil Mathew) അഞ്ചുലക്ഷം ആവശ്യപ്പെട്ടുവെന്നും മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റിയെന്നുമായിരുന്നു ആരോപണം. എന്നാൽ ആരോപണവിധേയനോട് വിശദീകരണം തേടിയെന്നും തന്‍റെ ഓഫിസും സ്‌റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരണം ഇങ്ങനെ: സ്‌റ്റാഫ് അംഗം ഡിജിപിക്കാണ് പരാതി നൽകിയത്. പേഴ്‌സണൽ അസിസ്‌റ്റന്‍റ് (Personal Assistant) അഖില്‍ മാത്യു തന്‍റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്‌താല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കാര്യങ്ങളും സർക്കാർ അഴിമതിരഹിതമായി തന്നെ പരിഹരിക്കും. പണം വാങ്ങിച്ചിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. എവിടുന്നാണ് മെയിൽ പോയത് എന്നിവയുൾപ്പെടെ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സത്യം മാത്രമേ വിജയിക്കുവെന്നും സത്യം പുറത്തുവരുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
എന്തായിരുന്നു ആരോപണം: എൻഎച്ച്എം ഡോക്‌ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫിനെതിരെ പരാതി നൽകിയിരിക്കുന്നത്. മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ് പരാതിക്കാരനായ ഹരിദാസൻ പറയുന്നത്. അഞ്ച് ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ പരാതിയിൽ പറയുന്നുണ്ട്. അതേസമയം ഇയാള്‍ ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫിസറായി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തതെന്നാണ് ആരോപണം.