"കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയാണ് അവർ". പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും ഒടുവിലത്തെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ തുടക്കം ഇങ്ങനെയാണ്. "വടകരയില്‍ ഇടതുമുന്നണിയെ നേരിടുന്ന പ്രിയപ്പെട്ട കെകെ രമയ്ക്ക് യുഡിഎഫിന്‍റെയും എന്‍റെയും പിന്തുണ വാഗ്‌ദാനം ചെയ്യുന്നു". ഇങ്ങനെയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കെകെ രമ വടകരയില്‍ സ്ഥാനാർഥിയായാല്‍ പിന്തുണയ്ക്കാമെന്ന് നേരത്തെ തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം വരെ മത്സരിക്കാനില്ലെന്നാണ് രമ പറഞ്ഞിരുന്നത്.
പക്ഷേ സ്വന്തം പാർട്ടിയായ ആർഎംപിയുടെ പ്രഖ്യാപനം വരും മുൻപേ തന്നെ രമ വടകരയില്‍ സ്ഥാനാർഥിയാകുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതോടെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വടകര മാറുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട മനയത്ത് ചന്ദ്രനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാർഥിയായി വടകരയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 9511 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജെഡിഎസ് സ്ഥാനാർഥിയായി മത്സരിച്ച സികെ നാണു മണ്ഡലം എല്‍ഡിഎഫിന് േവണ്ടി നിലനിർത്തിയത്. ആർഎംപിക്ക് വേണ്ടി കെകെ രമയും വടകരയില്‍ മത്സരിച്ചിരുന്നു. സികെ നാണുവിന് 49,211 വോട്ടുകൾ ലഭിച്ചപ്പോൾ മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും രമയ്ക്ക് 20504 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ രണ്ട് മുന്നണികളിലായി മത്സരിച്ച ജെഡിഎസും എല്‍ജെഡിയും ഇത്തവണ ഒന്നിച്ചു മത്സരിക്കുമ്പോൾ കഴിഞ്ഞ തവണ രണ്ടായി മത്സരിച്ച ആർഎംപിയും യുഡിഎഫും ഇത്തവണ ഒന്നിച്ചാണെന്ന പ്രത്യേകതയുമുണ്ട്.