കണ്ണൂർ :കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കുന്നതിനായി ജില്ലയില്‍ വാക്‌സിന്‍ ബോണസ് പദ്ധതി. കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റുകള്‍ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബോണസായി വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാണ് തീരുമാനം.
ഒരാഴ്‌ചയ്ക്കിടെ കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റ് നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 750 വീതം വാക്‌സിന്‍ ഡോസുകള്‍ അധികമായി നല്‍കുമെന്ന് ജില്ല കലക്‌ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം കൊവിഡ് വ്യാപനം തടയാന്‍
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 300, 200 ഡോസുകളും നല്‍കും. കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ നഗരസഭകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ ബോണസ്.
ഓരോ തദ്ദേശ സ്ഥാപനത്തിനും ജില്ലയിലെ ആരോഗ്യ വകുപ്പ് ടെസ്റ്റുകളുടെ എണ്ണം ജനസംഖ്യാനുപാതികമായി നിര്‍ണയിച്ച് നല്‍കുന്നുണ്ട്. ഇതില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്‌ക്കുമാണ് വാക്‌സിന്‍ ബോണസ് നല്‍കുക.
ഓരോ ആഴ്‌ചയിലെയും ടെസ്റ്റ് നിരക്ക് പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കുകയും ആ ആഴ്ച ജനസംഖ്യാനുപാതിക വാക്‌സിന്‍ ക്വാട്ടയ്ക്ക് പുറമെ ബോണസ് ഡോസുകള്‍ കൂടി ലഭ്യമാക്കുകയുമാണ് ചെയ്യുക.
കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന പ്രോത്സാഹിപ്പിക്കുന്നതെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.
'വേണം ആരോഗ്യകരമായ മത്സരം'
രോഗലക്ഷണം പ്രകടമാവുന്നതുവരെ ടെസ്‌റ്റ് വൈകിപ്പിക്കുകയോ ലക്ഷണങ്ങളുടെ അഭാവത്തില്‍ ടെസ്‌റ്റ് നടത്താതിരിക്കുകയോ ചെയ്യുന്നത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമാവും.