കണ്ണൂര്‍: സിപിഎം ആകാശ് തില്ലങ്കേരി എന്ന ക്രിമിനലിന്‍റെ മുന്നിൽ പേടിച്ച് വിരണ്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് അതിരൂക്ഷ വിമർശനമാണ് സിപിഎമ്മിനെതിരെ നടത്തിയത്. പാർട്ടിയേയും പാർട്ടി നേതാക്കളെയും വിരട്ടുകയാണ് ആകാശ് തില്ലങ്കേരിയെന്നും പാർട്ടിയുടെ ജീർണതയാണിതെന്നും വി ഡി സതീശന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രിമിനൽ എന്ന് പറയുമ്പോഴും എന്തുകൊണ്ട് സിബിഐ അന്വേഷണം സിപിഎം പേടിക്കുന്നു എന്നത് വ്യക്തമാക്കണം. രണ്ട് കോടിയിലധികം രൂപയാണ് ഈ ക്രിമിനലുകൾക്ക് വേണ്ടി സർക്കാർ ചിലവഴിക്കുന്നത്. ക്രിമിനലുകളുടെ വിരലിൽ കിടന്ന് കറങ്ങുകയാണ് സിപിഎം എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.