ആന പോയ വഴിയില്‍ വയോധികന്‍റെ മൃതദേഹം കണ്ണൂർ :ഉളിക്കൽ ടൗണിൽ ഭീതി പരത്തിയ കാട്ടാന തിരികെ കാടുകയറി (Ulikkal Wild Elephant Attack). ആന പോയ വഴിയില്‍ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. ആന കാടുകയിയതില്‍ ആശ്വാസമുണ്ടെങ്കിലും വയോധികന്‍റെ മരണ വാര്‍ത്ത നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഉളിക്കല്‍ പള്ളിക്ക് സമീപം മൃതദേഹം കണ്ടെത്തിയത് (Ulikkal Wild Elephant Attack man found dead).
മരിച്ചത് നെല്ലിക്കാം പൊയില്‍ സ്വദേശി ജോസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോസിന്‍റെ ശരീരത്തില്‍ ആന ആക്രമിച്ചതിന്‍റെ മുറിവുകളും പാടുകളും ഉണ്ട്. ആനയെ കണ്ട് ഭയന്നോടിയപ്പോള്‍ ആന ആക്രമിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ ജോസിന്‍റെ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആനയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ചാണ് ആന കാടുകയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂറോളം ആണ് കാട്ടാന ഉളിക്കൽ ടൗണിൽ നിലയുറപ്പിച്ചത്. പടക്കം പൊട്ടിച്ച് ആനയം തുരത്താനുള്ള ശ്രമം രാത്രി വരെ വിജയിച്ചില്ല. ടൗണിൽ നിന്ന് ആനയെ മാറ്റാൻ കഴിഞ്ഞെങ്കിലും ഇന്നലെ (ഒക്‌ടോബര്‍ 11) രാത്രി വരെ ആശങ്കയിലായിരുന്നു പ്രദേശവാസികൾ. വയത്തൂർ ഹൈസ്‌കൂൾ ഭാഗത്തുനിന്ന് പുറവയൽ കടമക്കണ്ടി വഴി രാത്രി 8:30 ഓടെ ആന മാട്ടറപ്പള്ളിക്ക് സമീപത്ത് എത്തി. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാത്രമാണ് കർണാടക വനാതിർത്തിയിലേക്ക് ഉള്ളത്.
ഇവിടെ നിന്നാണ് പുലർച്ചയോടെ കർണാടക വനത്തിലേക്ക് ആന കടന്നത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥിരീകരിച്ചത്. നാട്ടുകാരും സജീവ് ജോസഫ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ രാത്രിയും ആനയെ നിരീക്ഷിച്ചിരുന്നു. കർണാടക വനത്തിൽ നിന്ന് മാട്ടറ പീടിക കുന്നുവഴി 12 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് കാട്ടാന ഉളിക്കൽ ടൗണിൽ എത്തിയത്. ബുധനാഴ്‌ച രാവിലെ ലോട്ടറി വില്‍പനക്കാരനാണ് ആനയെ ആദ്യം കണ്ടത്.
ആനയെ കണ്ട് പരിഭ്രാന്തനായി ഓടുന്നതിനിടയിൽ ആറുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മലയോര മേഖലയിൽ പത്തു വർഷത്തിനിടയിൽ കാട്ടാനകളുടെ ആക്രമണത്തിൽ 14 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഓരോ വർഷം കഴിയുന്തോറും വന്യജീവി സങ്കേതത്തിൽ നിന്ന് കൂടുതൽ കാട്ടാനകളും മറ്റ് വന്യജീവികളും ജനവാസ കേന്ദ്രങ്ങളോട് അടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. വന്യജീവി ആക്രമണത്തില്‍ ഓരോ ജീവൻ നഷ്‌ടപ്പെടുമ്പോഴും അധികൃതർ വാഗ്‌ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുകയാണെന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.