കണ്ണൂർ: ഉളിക്കൽ പഞ്ചായത്തിൽ ഉദ്ഘാടനശേഷവും പ്രവർത്തനക്ഷമമാകാത്ത മത്സ്യ മാർക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ലേല നടപടികളിലെ അപാകത ചൂണ്ടികാട്ടി വ്യാപാരികൾ കോടതിയെ സമീപിച്ചതാണ് മാർക്കറ്റിന്‍റെ പ്രവർത്തനം വൈകാൻ കാരണമാകുന്നത്.
സാമൂഹ്യ വിരുദ്ധരുടെ താവളമായി ഉളിക്കൽ മത്സ്യ മാർക്കറ്റ് - ulikkal fish market
ഉളിക്കൽ പഞ്ചായത്തിൽ ഒരു കോടിയോളം രൂപ ചെലവിട്ട് നിർമിച്ച മത്സ്യ-മാംസ മാർക്കറ്റാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കിടക്കുന്നത്
ഒരു കോടിയോളം രൂപ ചിലവിട്ട് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മത്സ്യ-മാംസ മാർക്കറ്റാണ് പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ കിടക്കുന്നത്. പഞ്ചായത്ത് നടത്തിയ ലേലത്തിൽ മത്സരം വന്നതോടെ വലിയ തുകക്ക് മുറികൾ വാടകക്ക് എടുത്തുപോയി. എന്നാൽ ഒരു വർഷത്തെ വാടക മുൻകൂറായി അടക്കണമെന്ന നിർദേശം പഞ്ചായത്ത് മുന്നോട്ട് വച്ചതോടെ വ്യാപാരികൾ കോടതിയെ സമീപിച്ചു. അതേസമയം പഞ്ചായത്തിലെ നിയമ വ്യവസ്ഥകൾ മാത്രമാണ് നടപ്പിലാക്കുന്നതെന്നും കോടതിയിൽ നിന്നും ഉണ്ടാകുന്ന വിധിക്കനുസരിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.
മാർക്കറ്റ് പ്രവർത്തന രഹിതമായതോടെ കെട്ടിടം ഇപ്പോൾ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. അടിയന്തരമായി കെട്ടിടം സംരക്ഷിച്ച് മാർക്കറ്റിന്‍റെ പ്രവർത്തനം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോപവുമായി രംഗത്തിറങ്ങാനാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും തീരുമാനം.