കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതോടെ യുഡിഎഫ് സ്ഥാനാർഥിയെയും കുടുംബത്തെയും സിപിഎം വീട്ടിൽനിന്ന് ഇറക്കിവിട്ടതായി ആരോപണം. പട്ടുവം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ യുഡിഎഫ് സ്ഥാനാർഥി സ്റ്റെല്ല ഡൊമിനിക്കിനെയും കുടുംബത്തെയും വാടക വീട്ടിൽ നിന്നും ഒഴിപ്പിച്ചതായാണ് യുഡിഎഫ് ആരോപിക്കുന്നത്.
സ്ഥാനാർഥിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു; സിപിഎമ്മിനെതിരെ യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥി സ്റ്റെല്ല ഡൊമിനിക്കിനെയും കുടുംബത്തെയും സിപിഎം വാടക വീട്ടിൽ നിന്നും ഒഴിപ്പിച്ചതായാണ് യുഡിഎഫ് ആരോപണം
സ്റ്റെല്ലയും കുടുംബവും നാല് മാസം മുമ്പാണ് തളിപ്പറമ്പിലെ കൂവോടുള്ള സിപിഎം നേതാവിന്‍റെ വാടക വീട്ടിലേക്ക് താമസം മാറിയത്. സ്വാശ്രയ സംഘത്തിൽ സജീവ പ്രവർത്തകയായ സ്റ്റെല്ല അതേ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. ഇതോടെ സിപിഎം നേതാക്കൾ വീട്ടിലെത്തി സ്ഥാനാർഥിത്വം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
താമസിക്കാൻ എത്തിയപ്പോൾ തന്നെ ഇവരോട് ജനുവരിയിൽ വീട് ഒഴിയേണ്ടി വരുമെന്ന് സൂചിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇതൊരു ആരോപണം മാത്രമാണെന്നും സിപിഎം കൂവോട് ലോക്കൽ സെക്രട്ടറി വി. ജയൻ പറഞ്ഞു. ഇപ്പോൾ സ്റ്റെല്ലയും കുടുംബവും തളിപ്പറമ്പിലെ മറ്റൊരു വീട്ടിൽ വാടകയ്‌ക്ക് കഴിയുകയാണ്.