കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് വെങ്ങരയിൽ കഴിഞ്ഞ ദിവസം നടന്ന വടംവലി മത്സരമാണിത്. സാധാരണ നിരപ്പായ പ്രതലത്തിലാണ് വടംവലി നടക്കാറുള്ളത്. എന്നാല്‍ ഇത് അങ്ങനെയല്ല, വെള്ളം കെട്ടി നിർത്തിയ ട്രാക്കിലാണ് വടംവലി നടന്നത്. വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ അടുത്ത വർഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്‍റെ പ്രചരണാർഥമാണ് ഈ വടംവലി മത്സരം. Kannur Vengara Sree Muchilot Bhagavathy Kavu
ഇതിനായി പ്രദേശത്തെ അടുക്കള കണ്ടത്തിൽ ഒരു മീറ്റർ വീതിയിലും അരമീറ്റർ ആഴത്തിലും കുഴിയെടുത്തു. ഇതിലേക്കു വെള്ളം പമ്പ് ചെയ്ത് കിളച്ചു ചളിയാക്കി. കാണികൾ കടക്കാതിരിക്കാൻ ചുറ്റും മുള കൊണ്ട് വേലി കെട്ടി. ജില്ല കമ്പവലി അസോസിയേഷന്‍റെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് മത്സരങ്ങൾ നടന്നത്. മത്സരാർത്ഥികളുടെ ഭാരം അളന്നു തിട്ടപ്പെടുത്തുന്നതടക്കം സാധാരണ മത്സര നടപടി ക്രമങ്ങൾ ഇതിലും ഉണ്ടായിരുന്നു.
ചളിയിലെ കമ്പവലി ഇതിനു മുൻപ് നടന്നത് കാസർഗോഡ് ജില്ലയിൽ മാത്രമായിരുന്നു. അത് കൊണ്ട് തന്നെ മത്സരിക്കാൻ എത്തിയവരിൽ കൂടുതലും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ടീമുകൾ ആയിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 22 പുരുഷ ടീമുകളും 10 വനിത ടീമുകളും ആണ് മത്സരത്തിന് എത്തിയത്. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ മത്സരം രാത്രി 11 മണി വരെ നീണ്ടു.