കണ്ണൂര്‍:കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഇന്നലെ രാത്രി 11:45ന് യാത്രയവസാനിപ്പിച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ബോഗിയിലാണ് തീപിടിത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവത്തില്‍ ട്രെയിനിന്‍റെ അവസാന മൂന്ന് ബോഗികളിലേക്ക് തീപടരുകയും ഒരെണ്ണം പൂര്‍ണമായും കത്തിനശിക്കുകയും ചെയ്‌തത്.
അട്ടിമറി സംശയം: ഏപ്രില്‍ രണ്ടിന് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവെച്ച അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ കേരള പൊലീസും റെയില്‍വേ പൊലീസും ചേര്‍ന്നുള്ള അന്വേഷണം ആരംഭിച്ചു. സമീപത്തെ ബിപിസിഎൽ പെട്രോൾ സംഭരണശാലയിൽ നിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഒരാൾ കാനുമായി നടന്നു പോകുന്നതായി പൊലീസ് കണ്ടെത്തി. ഒരാളുടെ ബാഹ്യ ഇടപെടലില്ലാതെ ഇത്ര പെട്ടെന്ന് തീ പടരാൻ സാധ്യതയില്ലെന്ന ആദ്യഘട്ട വിലയിരുത്തലിലാണ് അന്വേഷണ സംഘം.
സമീപത്ത് നിന്നും ലഭിക്കാനിടയുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സമയത്ത് ട്രെയിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നും അയാളാണോ കൃത്യം നടത്തിയത് എന്നുമുള്ള സംശയത്തിലാണ് അന്വേഷണ സംഘം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവയ്‌പ്പ് നടന്ന് രണ്ട് മാസത്തിനുള്ളിലാണ് വീണ്ടും ട്രെയിനില്‍ തീപിടിത്തമുണ്ടായത്. എലത്തൂരില്‍ തീവയ്‌പ്പ് നടന്ന സ്ഥലത്തിന് സമീപവും ബിപിസിഎല്ലിന്‍റെ പെട്രോള്‍ സംഭരണശാല പ്രവര്‍ത്തിച്ചിരുന്നു. ഇതേസാമ്യം കണ്ണൂരിലും ഉള്ളത് സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഇക്കാര്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.