തളിപ്പറമ്പില്‍ കൊവിഡ് നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് വ്യാപാരികള്‍
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ മാസം ഏഴ് മുതൽ തളിപ്പറമ്പിൽ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയിരുന്നു. പിന്നീട് തളിപ്പറമ്പ് നഗരസഭാ പരിധി മുഴുവൻ കണ്ടെയിന്‍മെന്‍റ് സോണ്‍ ആക്കിയിരുന്നു
കണ്ണൂര്‍:ഓണം അടുക്കുന്ന സാഹചര്യത്തില്‍ തളിപ്പറമ്പില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. കടകളിൽ ഹോം ഡെലിവറി എങ്കിലും അനുവദിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ മാസം ഏഴ് മുതൽ തളിപ്പറമ്പിൽ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കിയിരുന്നു. പിന്നീട് തളിപ്പറമ്പ് നഗരസഭാ പരിധി മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ 59-ല്‍ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക ക്ലസ്റ്ററും രൂപീകരിച്ചു. ഇതോടെ നിയന്ത്രങ്ങള്‍ കടുപ്പിച്ചു. ഇതിനെതിരെയാണ് വ്യാപാരികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ വ്യാപനം നിയന്ത്രണ വിധേയമാകും മുമ്പ് ഇളവുകൾ അനുവദിച്ചാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന് പൊലീസ് അടക്കം മുന്നറിയിപ്പ് നൽകി. ഇക്കാര്യം കൂടി പരിഗണിച്ച ശേഷമേ ജില്ലാ ഭരണകൂടം ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളൂ. അതിനിടെ രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് വീണ്ടും മാസ് ടെസ്റ്റ് തുടങ്ങി. 70 ഓളം പേരെയാണ് സ്രവ പരിശോധനക്ക് വിധേയമാക്കുന്നത്. കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തളിപ്പറമ്പിനെ പ്രത്യേക ക്ലസ്റ്ററാക്കി മാറ്റിയിരുന്നു.