കണ്ണൂര്‍: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനെയും പയ്യന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന കാര-തലിച്ചാലം അണക്കെട്ട് സംരക്ഷണമില്ലാതെ നശിക്കുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയിലും പയ്യന്നൂർ നഗരസഭയുടെ അന്നൂർ, കാറമേൽ, പാടിയിൽ പ്രദേശങ്ങളിലും കരിവെള്ളൂർ-പെരളം പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലും കൃഷിക്ക് പ്രയോജനപ്പെടും വിധം 1964ലാണ് അണക്കെട്ട് നിര്‍മിച്ചത്.
തൃക്കരിപ്പൂർ കാര-തലിച്ചാലം അണക്കെട്ട് തകര്‍ച്ചയുടെ വക്കില്‍ - കാര-തലിച്ചാലം അണക്കെട്ട്
നെല്‍കൃഷിക്കും തെങ്ങ് കൃഷിക്കും പച്ചക്കറികള്‍ക്കുമൊക്കെ ഉപ്പ് വെള്ളം കയറാതെ 20 വർഷമായി സംരക്ഷിച്ചിരുന്നത് കാര-തലിച്ചാലം അണക്കെട്ടാണ്
വേനൽകാലത്ത് ഉപ്പ് വെള്ളം കയറുന്നത് തടയാനും സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും അണക്കെട്ട് ഏറെ പ്രയോജനപ്പെട്ടിരുന്നു. നെല്‍കൃഷിക്കും തെങ്ങ് കൃഷിക്കും പച്ചക്കറികള്‍ക്കുമൊക്കെ ഉപ്പ് വെള്ളം കയറാതെ 20 വർഷമായി സംരക്ഷിച്ചിരുന്നത് കാര-തലിച്ചാലം അണക്കെട്ടാണ്. എന്നാല്‍ അണക്കെട്ട് നിർമിച്ച ആദ്യ വർഷങ്ങളിൽ കൃത്യമായി സംരക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് സംരക്ഷണമില്ലാതെ തകർച്ചയുടെ വക്കിലെത്തി. അണക്കെട്ടിലെ ചോർച്ച മൂലം പാടശേഖരത്തില്‍ ഉപ്പ് വെള്ളം കയറി കൃഷി നശിക്കാൻ തുടങ്ങി. ഇതോടെ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അണക്കെട്ടിന്‍റെ ഷട്ടറുകറും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവിടെ റോഡും പാലവും വരുന്നതിന് മുമ്പ് ജനങ്ങള്‍ ചെറു വാഹനങ്ങളുമായി യാത്രാ സൗകര്യത്തിന് ആശ്രയിച്ചിരുന്നത് ഈ അണക്കെട്ടിനെയായിരുന്നു. പാലം വന്നെങ്കിലും കാല്‍നട യാത്രക്കാരും സൈക്കിള്‍ യാത്രക്കാരും അണക്കെട്ടിനെ തന്നെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ കൈവരി കൂടി തകര്‍ന്നതോടെ കാല്‍നട യാത്രയും ദുസഹമായിരിക്കുകയാണ്.