കണ്ണൂർ: വടക്കേ മലബാറിൻറെ വ്യാപാര മേഖലയിൽ ഒരു കാലത്ത് പേരുകേട്ട പഴങ്ങോട് ഗ്രാമം ഇനി കാൽപന്തുകളിയിൽ ലോക റെക്കോഡിട്ട കൊച്ചു മിടുക്കിയുടെ പേരിലാണ് അറിയപ്പെടുക. നിലം തൊടീക്കാതെ പന്ത് തട്ടി ജഗ്ലിങ്ങിൽ രാജ്യാന്തര റെക്കോർഡ് നേടിയിരിക്കുകയാണ് കണ്ണൂർ ചെറുകുന്നിലെ ബിഎൽ അഖില (13). കൊവ്വപ്പുറം പഴങ്ങോട് സ്വദേശിയായ അഖില ഫുട്ബോൾ ജഗ്ലിങ്ങിൽ യൂണിവേഴ്‌സൽ റെക്കോഡ്‌സ് ഫോറത്തിന്‍റെ ലോക റെക്കോർഡാണ് നേടിയത്.
നിലം തൊടാതെ പന്ത് തട്ടിയത് 171 തവണ; ജഗ്ലിങ്ങിൽ ലോക റെക്കോഡ് കരസ്ഥമാക്കി അഖില - ജഗ്ലിങ്
ഫുട്ബോൾ ജഗ്ലിങ്ങിൽ യൂണിവേഴ്‌സൽ റെക്കോഡ്‌സ് ഫോറത്തിന്‍റെ ലോക റെക്കോർഡാണ് കണ്ണൂര്‍ സ്വദേശി അഖില നേടിയത്. ഒരു മിനിറ്റിനുള്ളിൽ 171 തവണ നിലം തൊടീക്കാതെ പന്ത് തട്ടിയാണ് അഖിലയുടെ അപൂര്‍വ്വ നേട്ടം.
ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തവണ ജഗ്ലിങ് നടത്തിയാണ് അഖില റെക്കോഡ് നേടിയത്. നിലം തൊടാതെ 171 തവണ പന്ത് തട്ടിയാണ് അഖില നേട്ടം കരസ്ഥമാക്കിയത്. ബ്രസീൽ ജഗ്ലിങ് താരം ജോഷ്വ ഡ്യുറേറ്റ് നേരത്തെ കരസ്ഥമാക്കിയ റെക്കാഡാണ് ഈ മിടുക്കി തകർത്തത്. കണ്ണൂർ സ്പോർട്‌സ് ഡിവിഷൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഖില. മത്സ്യത്തൊഴിലാളിയായ ബിജുവിൻറെയും ലീമ മേരിയുടെയും രണ്ടു മക്കളിൽ ഇളയവളായ അഖിലയാണ് അപൂർവമായ നേട്ടം സ്വന്തമാക്കി നാട്ടിലെ താരമായത്.
സർക്കാരിൻറെ കായിക പരിശീലന പരിപാടി കികോഫിലൂടെയാണ് ഈ ഏഴാം ക്ലാസുകാരി കാൽപന്തുകളിയിൽ പരിശീലനം നേടിയത്. മകൾക്ക് ചെറുപ്പം മുതൽ ഫുട്ബോളിനോട് വലിയ കമ്പമുണ്ടായിരുന്നെന്നും നേട്ടത്തിൽ സന്തോഷമുണ്ടെന്നും പിതാവ് ബൈജു പറഞ്ഞു. ജിവി രാജ സ്പോർട്‌സ് സ്‌കൂളിൾ പ്രവേശനം ലഭിച്ച അഖില സ്‌കൂൾ തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്. തൈകൊണ്ട താരം കൂടിയായ അനീഷ അഖിലയുടെ സഹോദരിയാണ്.