അണിയലങ്ങൾ ഒരുക്കി കണ്ണനും കുഞ്ഞിമാണിയും കണ്ണൂർ :കൊവിഡിന് ശേഷം തെയ്യക്കാവുകൾ സജീവമായതോടെ തെയ്യങ്ങളുടെ ആടയാഭരണങ്ങളൊരുക്കുന്ന തിരക്കിലാണ് പയ്യന്നൂർ ആലക്കാട്ടെ എം കണ്ണനും ടി വി കുഞ്ഞിമാണിയും. ഏറെ ശാരീരിക ക്ഷമത ആവശ്യമുള്ള ഒരു കലയാണ് തെയ്യം.
യൗവനകാലത്തേതുപോലെ എല്ലാ പ്രായത്തിലും തെയ്യം കെട്ടുക സാധ്യമല്ല. മധ്യവയസ് പിന്നിടുന്നതോടെ മിക്ക തെയ്യം കലാകാരൻമാരും ആടയാഭരണങ്ങൾ ഒരുക്കുന്നതിലേക്ക് ചുവടു മാറും. പയ്യന്നൂർ ആലക്കാട്ടെ എം കണ്ണനും ഇങ്ങനെ ഒരു സാഹചര്യത്തിലാണ് തെയ്യത്തിൻ്റെ ഉടയാടകളും അണിയലങ്ങളും ഒരുക്കുന്നതിലേക്ക് മാറിയത്.
ഭാര്യ കുഞ്ഞിമാണിയും മകനും കണ്ണന് കൂട്ടായി ഉണ്ട്. പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വസ്‌തുക്കളും ആധുനിക കാലത്ത് വിപണിയിൽ ലഭ്യമാകുന്ന വസ്‌തുക്കളുമെല്ലാം കൊണ്ടാണ് തെയ്യത്തിൻ്റെ ആടയാഭരണങ്ങളും മുടിയുമെല്ലാമൊരുക്കുന്നത്. പരമ്പരാഗതമായ പഠിച്ച തൊഴിലായതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ഈ കുടുംബം പറയുന്നു.
നിർമിക്കുന്നവ വാടകയ്ക്ക് നൽകുകയാണ് പതിവ്. തെയ്യക്കാലം തുടങ്ങിയാൽ ദൂരദേശങ്ങളിൽ നിന്നു പോലും ആവശ്യക്കാരെത്തുമെന്ന് ഇവർ പറയുന്നു. ലോക്‌ഡൗണിന് ശേഷം കളിയാട്ടങ്ങൾ വീണ്ടും സജീവമായതിൻ്റെ ആശ്വാസത്തിലാണ് കണ്ണനും കുഞ്ഞിമാണിയും.