കണ്ണൂർ: പ്രളയത്തിൽപ്പെട്ട് വീട് വിട്ടിറങ്ങി ക്യാമ്പുകളിൽ അഭയം പ്രാപിച്ചവർ വെള്ളമിറങ്ങി തുടങ്ങിയതോടെ കിടപ്പാടങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ചെളിയും മണ്ണും നിറഞ്ഞ് വൃത്തിഹീനമായ വീടുകളിൽ ഇഴജന്തുക്കളും വ്യാപകമായി കയറി കൂടിയിട്ടുണ്ട്. താങ്ങാനാവാത്ത നഷ്‌ടങ്ങളുടെ നടുവിലാണ് കണ്ണൂർ ജില്ലയിലെ പ്രളവയബാധിതർ.
വെള്ളം താഴ്ന്നു; കണ്ണൂരിൽ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
ജില്ലയിലെ 147 ദുരിതാശ്വാസ ക്യാമ്പുകളിൽ 98 ക്യാമ്പുകളിലേയും ആളുകൾ വീടുകളിലേക്ക് മടങ്ങി
ജില്ലയിലെ 147 ദുരിതാശ്വാസ ക്യാമ്പുകളിൽ 98 ക്യാമ്പുകളിലേയും ആളുകൾ വീടുകളിലേക്ക് മടങ്ങി. സന്നദ്ധ പ്രവർത്തകരും, യുവജന സംഘടനകളും ആരോഗ്യ പ്രവർത്തകരും വീടുകൾ ഓരോന്നായി ശുചീകരിച്ച് കൊണ്ടിരിക്കുകയാണ്. മാലിന്യക്കൂമ്പാരമായ വീടുകളും കിണറുകളും ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കി കൊണ്ടിരിക്കുന്നത്. വീട്ടുസാധനങ്ങൾ മുഴുവനായി നശിച്ചവർ ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വീട് പൂർണമായും നഷ്ടപ്പെട്ട കുടുംബങ്ങൾ ക്യാമ്പിൽ തന്നെ തുടരുകയാണ്. കേടുപാടുകൾ പറ്റിയ വീടുകളുടെ അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം നഷ്ടങ്ങളുടെ കണക്കും തിട്ടപ്പെടുത്തി വരികയാണ്. ശ്രീകണ്ഠാപുരം, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, എന്നിവിടങ്ങളിലാണ് കാലവർഷം വലിയ ആഘാതം സൃഷ്ടിച്ചത്. ജില്ലയിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ശാന്തമാണ്. വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവായ അവസ്ഥയിലാണ്. പ്രധാന റോഡുകളെല്ലാം ഗതാഗത യോഗ്യമായി കഴിഞ്ഞു. വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ച് വരികയാണ്. 49 ക്യാമ്പുകളിലായി 9513 പേരാണ് ഇനിയും വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്.