കണ്ണൂർ :രാജസ്ഥാന്‍ -ചിത്തോർഗഡിലെ സൈനിക സ്‌കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപിക രത്‌ന നായരെ കാണാൻ കണ്ണൂരിലെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ. അമൂല്യമായ സ്‌നേഹ സാന്നിധ്യമായാണ് ഉപരാഷ്‌ട്രപതി അധ്യാപികയ്ക്ക് അരികിലെത്തിയത്. ഒരു വിദ്യാർഥി തന്‍റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് നൽകിയ ഗുരുദക്ഷിണ കൂടിയായിരുന്നു ആ സന്ദർശനം.
കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ജഗദീപ് ധൻഖർ ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ചു. പിന്നെ അധ്യാപികയുടെ കൈകൾ ചേർത്തുപിടിച്ച് സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ സുധേഷ് ധൻഖറിനും തന്‍റെ പ്രിയപ്പെട്ട അധ്യാപികയെ അദ്ദേഹം പരിചയപ്പെടുത്തി. സ്‌പീക്കർ എ എൻ ഷംസീറും ഉപരാഷ്‌ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
അരമണിക്കൂറോളം അധ്യാപികയുമായി അദ്ദേഹം വിശേഷങ്ങൾ പങ്കുവച്ചു. ഇളനീരും ചിപ്‌സും നൽകിയാണ് ടീച്ചർ തന്‍റെ ശിഷ്യനെ സത്കരിച്ചത്. വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്‌സും അദ്ദേഹം ഏറെ ആസ്വദിച്ചുകഴിച്ചു. ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം എന്ന് രത്‌ന ടീച്ചർ പറഞ്ഞു.
also read :സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം, നിര്‍ദേശിച്ച് മുഖ്യമന്ത്രി
അധ്യാപികയ്ക്ക് ചാരിതാർഥ്യം :ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചാരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഉച്ചയ്ക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ജഗദീപ് ധൻഖർ മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേൽപ്പിനുശേഷം ഉച്ചയ്ക്ക് 1.50 ഓടെ കാർ മാർഗം ചാമ്പാടേക്ക് തിരിച്ചു. 2.20 ന് ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള ' ആനന്ദ് 'എന്ന വീട്ടിൽ എത്തി.