കണ്ണൂർ: പ്രതിഷേധം കൊണ്ട് തന്നെ നിശബ്‌ദനാക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിലും ശക്തമായി.
പൗരത്വ ഭേദഗതി നിയമത്തിൽ താൻ പറഞ്ഞ കാര്യത്തിൽ ചർച്ചക്ക് തയ്യാറാണ്. എന്നാൽ പ്രതിഷേധിച്ചവർ ആരും ചർച്ചയ്ക്ക് വന്നില്ല. ഭരണഘടന സംരക്ഷിക്കുകയാണ് തന്‍റെ ഉത്തരവാദിത്വമെന്നും അതിന് ഭീഷണിയുണ്ടാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ഗവർണർ വേദിയിൽ പറഞ്ഞു. ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കെ. കെ രാഗേഷ് എംപിയും സ്ഥാനമൊഴിയുന്ന ചരിത്ര കോൺഗ്രസ് പ്രസിഡന്‍റ് ഇർഫാൻ ഹബീബും പരാമർശിച്ചതിനു പിന്നാലെയാണ് ഗവർണർ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് .ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് അൻപതിലേറെ പ്രതിനിധികള്‍ പ്രകോപിതരായത്. ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർക്കെതിരെ വേദിക്കു മുന്നിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്.ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനത്ത് നടന്നത്.