കണ്ണൂർ:കേരള നിയമസഭയിൽ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം കണ്ണൂർ ജില്ലക്കാരായ മൂന്നു പേർ മന്ത്രി പദത്തിലെത്തുമെങ്കിലും കേരള മന്ത്രിസഭയില്‍ കണ്ണൂരിൽ നിന്നെത്തുന്ന മന്ത്രിമാരുടെ എണ്ണം കുറവാണ്. ഒട്ടുമിക്ക ഘട്ടങ്ങളിലും മുഖ്യമന്ത്രിയടക്കം രണ്ടോ അതിലധികമോ മന്ത്രിമാരുണ്ടായ കണ്ണൂരിന് എൻസിപിയിലെ എ.കെ ശശീന്ദ്രനെ മാറ്റി നിർത്തിയാൽ മുഖ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാർ മാത്രം. കണ്ണൂർ സ്വദേശിയാണെങ്കിലും ശശീന്ദ്രൻ കോഴിക്കോട് എലത്തൂരിൽ നിന്നാണ് നിയമസഭയിലെത്തിയത്. ചുരുക്കത്തിൽ കണ്ണൂരിൽ നിന്ന് മന്ത്രിമാരുടെ എണ്ണത്തിൽ സമീപകാലത്തൊന്നും ഇല്ലാത്ത കുറവുണ്ടായിരിക്കുന്നു.
കണ്ണൂരിൽ നിന്ന് മന്ത്രിസഭയിലെത്തിയവർ
കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയും എ.കെ ശശീന്ദ്രനുമടക്കം അഞ്ചു മന്ത്രിമാരുണ്ടായിരുന്നു. കെ.കെ ശൈലജ, ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ ശശീന്ദ്രൻ എന്നിവരായിരുന്നു ഒന്നാം പിണറായി മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാർ. പല മന്ത്രിസഭകളിലായി എം.വി രാഘവൻ, എൻ. രാമകൃഷ്ണൻ, കെ.പി നൂറുദ്ദീൻ, കെ.സി വേണുഗോപാൽ, കെ.സി ജോസഫ്, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.പി മോഹനൻ തുടങ്ങിയ തലയെടുപ്പുള്ളവർ ജില്ലയിൽ നിന്ന് മന്ത്രിപദമലങ്കരിച്ചിരുന്ന ഘട്ടങ്ങളിൽ നിന്നാണ് ഇക്കുറി മന്ത്രിസഭയിലെ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചത്.
സമീപകാല ചരിത്രമെടുത്താൽ 2006-2011ൽ വി.എസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ പന്ത്രണ്ടാം കേരള നിയമസഭയിൽ കണ്ണൂരിൽ നിന്ന് പി.കെ ശ്രീമതി, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ അംഗങ്ങളായിരുന്നു. 2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ മന്ത്രിസഭയിൽ കെ.സി ജോസഫും കെ.പി മോഹനനും മന്ത്രിമാരായിരുന്നു. എന്നാൽ ഇക്കുറിയത് മുഖ്യമന്ത്രിയെയും എ.കെ ശശീന്ദ്രനെയും ഒഴിച്ച് നിർത്തിയാൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ എം.വി ഗോവിന്ദനിൽ മാത്രം ഒതുങ്ങി.
സിപിഎം രാഷ്ട്രീയത്തിൽ ഇത്തവണത്തെ കണ്ണൂരിൽ നിന്നുള്ള മന്ത്രിമാരുടെ കുറവ് വരും കാലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തുറക്കും. കെ.കെ ശൈലജയടക്കമുള്ളവരെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയത് പൊതുസമൂഹം ഇനി ഏറെക്കാലം ചർച്ച ചെയ്യും. ഇ.കെ നായനാർ, കെ. കരുണാകരൻ, പിണറായി വിജയൻ തുടങ്ങിയ കണ്ണൂർ സ്വദേശികൾ നയിച്ച മന്ത്രിസഭകളിലെ തലയെടുപ്പുള്ള മന്ത്രി പട രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇല്ലാതായിരിക്കുന്നു. രണ്ടാം ടേമിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രി പദവിയിൽ തിരിച്ചെത്തിയാലും കേരള നിയമസഭയിലെ കണ്ണൂർ സൂപ്പർതാര പദവി ഇക്കുറി ഇണ്ടാവില്ലെന്നുറപ്പാണ്.