കണ്ണൂർ:തളിപ്പറമ്പ് ബക്കളം അബ്‌ദുൽ ഖാദര്‍ കൊലപാതക കേസില്‍ തലശേരി ജില്ല സെഷന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു . ഖാദറിനെ കൊലപ്പെടുത്തി വായാട് റോഡരികില്‍ തള്ളിയ കേസില്‍ പത്താം പ്രതിയായ ഖാദറിന്‍റെ ഭാര്യ കെ. ഷെരീഫയ്ക്ക് കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അബ്‌ദുൽ ഖാദറിന്‍റെ മാതാവ് ഖദീജ കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരിയാരം സിഐ കെ.വി ബാബുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല.
2017 ജനുവരി 25നായിരുന്നു വായാട് റോഡരികിൽ മർദിച്ച് അവശ നിലയിൽ അബ്‌ദുൽ ഖാദറിനെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 42ലധികം വരുന്ന മാരകമായ മുറിവുകളാണ് മരണകാരണമായി കണ്ടെത്തിയത്. അന്ന് തളിപ്പറമ്പ് സിഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തത്.