കണ്ണൂര്‍: സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ രൂപപ്പെട്ട ചേരിപ്പോര് തെരുവിലേക്ക്. പുല്ലായിക്കൊടി ചന്ദ്രൻ -കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയതയാണ് മറ നീക്കി പുറത്തുവന്നത്. വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചാണ് പോസ്റ്റർ.
'സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം, സിപിഐ നേതാക്കൾ കാണിച്ച ആർജവം സിപിഎം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയുടെ രക്ഷക്കായി', 'ഒരു കമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടാവണം. ഒന്ന് വര്‍ഗ ശത്രുവിനെതിരെയും രണ്ട് വഴി പിഴയ്‌ക്കുന്ന നേതൃത്വത്തിനെതിരെയും' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
കോമ്രഡ്‌സ് ഓഫ് മാന്ധംകുണ്ട് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററുകൾ കൂടാതെ കരിങ്കോടിയും കെആർസി വായനശാലയുടെ ചുമരിൽ കെട്ടിയിട്ടുണ്ട്. നേരത്തെ സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ വ്യക്തിയാണ് പുല്ലായിക്കൊടി ചന്ദ്രന്‍.