കണ്ണൂർ:സംസ്ഥാനത്തെ ഏറ്റവും മനോഹരവും അത്യാധുനികവുമായ ഹൈടെക്ക് നിലവാരത്തിലുള്ള തളിപ്പറമ്പ് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 18.56 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഫെബ്രുവരി 23നാണ് തറക്കലിടൽ നടക്കുക. ആറ് മാസം വരെ ശിക്ഷ വിധിച്ചവരായ പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ 350 തടവുകാരെയും റിമാന്‍ഡ് തടവുകാരെയുമാണ് ജയിലിൽ പാർപ്പിക്കുക. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. പൂന്തോട്ടം, ഡിജിറ്റൽ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാൾ എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമാണം പൂർത്തിയാക്കുക.
കാഞ്ഞിരങ്ങാട് ആര്‍ടിഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ്- കൂർഗ് ബോർഡർ റോഡിനോട് ചേര്‍ന്നുള്ള 8.477 ഏക്കർ ഭൂമിയിലാണ് പുതിയ ജില്ലാ ജയിൽ നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള 'ഒക്‌ടഗണ്‍' മാതൃകയിലാണ് സംസ്ഥാനത്തെ 56-ാമത്തെ ജയിലിന്‍റെ നിർമാണം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് തളിപ്പറമ്പില്‍ ജയില്‍ അനുവദിച്ചത്. ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായിരിക്കെ തളിപ്പറമ്പില്‍ ജയില്‍ വേണ്ടന്ന് പറഞ്ഞ് ഫയല്‍ അവസാനിപ്പിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് മറികടന്ന് വീണ്ടും തളിപ്പറമ്പ് ജയിലിന് ജീവന്‍ നല്‍കിയത്.