കണ്ണൂർ:അഞ്ച് ദിവസങ്ങളിലായി തലശ്ശേരിയിൽ നടന്നുവന്നിരുന്ന ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് ഇന്ന് കൊടിയിറങ്ങും. ചരിത്രത്തിലാദ്യമായി നഗരത്തിലെത്തിയ മേളയെ തലശ്ശേരിക്കാർ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ആറ് തീയേറ്ററുകളിലായി വ്യത്യസ്‌ത ഭാഷകളിൽ നിന്ന് 80 ചിത്രങ്ങൾ മേളയിൽ പ്രദർശനത്തിനെത്തി. ലോക സിനിമ, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഇന്ത്യൻ സിനിമ ഇന്ന്, ഹോമേജ്, കലൈഡോസ്കോപ്പ് തുടങ്ങിയ വിഭാഗങ്ങളായാണ് സിനിമകൾ പ്രദർശിപ്പിച്ചത്.
ഐഎഫ്എഫ്കെ തലശ്ശേരി പതിപ്പിന് ഇന്ന് കൊടിയിറക്കം - തലശ്ശേരി പതിപ്പിന് ഇന്ന് കൊടിയിറങ്ങും
സിനിമയോട് കമ്പമുള്ള സാധാരണക്കാരായ ജനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ മേളയിൽ പങ്കാളികളാവാൻ കഴിഞ്ഞുവെന്നതാണ് തലശ്ശേരി മേളയെ വ്യത്യസ്‌തമാക്കിയത്
മലബാറിൽ നിന്ന് ആയിരത്തി അഞ്ഞൂറിലേറെ സിനിമാപ്രേമികളാണ് മേളയിൽ പങ്കാളികളയാത്. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു മേളയുടെ നടത്തിപ്പ്. ചുരുളി, ഹാസ്യം, മ്യൂസിക്കൽ ചെയർ, അറ്റെൻഷൻ പ്ലീസ് എന്നീ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണങ്ങൾ നേടി. ഉദ്‌ഘാടന ചിത്രമായ 'ക്വോ വാഡിസ്, ഐഡ?' യിൽ നിന്നും തുടങ്ങി 'കപ്പേള'യിലാണ് മേള അവസാനിച്ചത് .ദി മാൻ ഹു സോൾഡ് ഹിസ് സ്‌കിൻ, വൈഫ് ഓഫ് എ സ്പൈ, നെവർ ഗോണ സ്നോ എഗൈൻ, ദി വെയ്‌സ്റ്റ് ലാൻഡ്, കൊസ തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. കലൈഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി, 1956 മധ്യ തിരുവിതാംകൂർ എന്നിവയും പ്രേക്ഷക പ്രീതിനേടിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. സംവിധായകരെയും ചലച്ചിത്ര പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഓപ്പൺ ഫോറങ്ങളും മീറ്റ് ദി ഡയറക്‌ടർ ചർച്ചകളും മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു.
ചലച്ചിത്ര മേളയുടെ അവസാന പതിപ്പിവ് മാർച്ച 1 ന് പാലക്കാട്ട് കൊടിയേറും. സിനിമയോട് കമ്പമുള്ള സാധാരണക്കാരായ ജനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ മേളയിൽ പങ്കാളികളാവാൻ കഴിഞ്ഞുവെന്നതാണ് തലശ്ശേരി മേളയെ വ്യത്യസ്‌തമാക്കിയത്. ലിബർട്ടി തിയ്യറ്റർ കോംപ്ലക്‌സിൽ മേള ആരംഭിച്ചത് മുതൽ നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും വർഷങ്ങളിലും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു സ്ഥിരം വേദിയായി മാറും എന്ന പ്രതീക്ഷയിലാണ് തലശ്ശേരി.