കടലിനോട് മല്ലടിച്ച് കാഴ്‌ചയുടെ തുരുത്തായി തലശേരി കടല്‍പ്പാലം കണ്ണൂര്‍: ഒരേ സമയം ആറും ഏഴും പത്തേമാരികൾ നങ്കൂരമിട്ടിരുന്ന കാലം. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ യൂറോപ്പിനെ കേരളവുമായി ബന്ധിപ്പിച്ചിരുന്ന തുറമുഖം. വയനാട്ടില്‍ നിന്നും കുടകില്‍ നിന്നും കുരുമുളകും ഏലവും കറുവപ്പട്ടയും കാളവണ്ടികളിലാക്കി ഇവിടെയെത്തിക്കും. അവയെല്ലാം കപ്പലേറി കടല്‍ കടന്നപ്പോൾ തലശേരിയുടെ മുഖം മിനുങ്ങി. ഒപ്പം മലബാറിന്‍റെയും. അതിനിടെ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. പിന്നാലെ തലശേരി തുറമുഖം വിസ്‌മൃതിയിലേക്ക് മറഞ്ഞു.
പക്ഷേ യൂറോപ്യൻ നിർമാണക്കരുത്തില്‍ പാലം കടലിനോട് മല്ലടിച്ചു നിന്നു. തലശേരിയുടെ വൈകുന്നരങ്ങളെ മനോഹരമാക്കുന്ന, സുന്ദരകാഴ്‌ചകളുടെ തീരമായി. കാലവും കടലും വീണ്ടും വീണ്ടും ആർത്തലച്ചപ്പോൾ കടല്‍പ്പാലത്തിനും ക്ഷീണം സംഭവിച്ചു.
അമ്പതിലേറെ തൂണുകളില്‍ ഉരുക്കു കാലുകളിലാണ് കടല്‍പ്പാലം നിർമിച്ചിരിക്കുന്നത്. സിമന്റ് സ്ലാബുകള്‍ പിളര്‍ന്നും കുഴി വീണും അപകടാവസ്ഥയിലാണ് പാലം. അതോടെ പാലത്തിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു. തലശേരിയേയും സമീപ പ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ച് 'തലശ്ശേരി പൈതൃക ടൂറിസം ' പദ്ധതിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ടിരുന്നു. തലശേരി തുറമുഖത്തെ ക്രൂസ് സ്‌പോട്ട് മറീനയായി വികസിപ്പിച്ച് പൈതൃക തുറമുഖമാക്കി മാറ്റി സെയ്‌ലിങ് അക്കാദമി സ്ഥാപിക്കുന്നത് അടക്കം വൻ പ്ലാനുകളാണ് അണിയറയില്‍ ഒരുങ്ങിയത്.
പക്ഷേ ഒരുക്കം മാത്രമാണുണ്ടായത്. ടൂറിസം രംഗത്ത് വൻ സാധ്യതകളുള്ള തലശേരി കടല്‍പ്പാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തലശേരി കടല്‍പ്പാലത്തെ കടല്‍ വിഴുങ്ങുന്നത് കാണേണ്ടി വരും.
ചരിത്രത്തിന് പറയാനുള്ളത്:രണ്ടാം ലോകമഹായുദ്ധകാലത്ത് തലശേരിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് സൈന്യത്തിന് വേണ്ടി ബിസ്‌ക്കറ്റും റൊട്ടിയും തലശേരി തുറമുഖത്ത് നിന്നും കയറ്റി അയച്ചിരുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഓക്ക്‌ലൻഡ് തുടങ്ങിയ നഗരങ്ങളിലെ തുറമുഖങ്ങളുമായി നിരന്തരം വ്യാപാര ബന്ധം പുലർത്തിയിരുന്നതാണ് തലശേരി.
ചരക്ക് സൂക്ഷിക്കാനുള്ള ചാപ്പകളും ഇവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു തലശേരി. കപ്പലുകള്‍ക്ക് കടപ്പുറത്ത് അടുക്കാവുന്ന ആഴമില്ലാത്തതു കൊണ്ട് 1910 ലാണ് തലശേരിയില്‍ കടല്‍പ്പാലം നിര്‍മ്മിച്ചത്. കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ ഉരുവിലും പത്തേമാരിയിലുമായി കരയിലെത്തിക്കാനും കപ്പലുകളിലേക്ക് കരയില്‍ നിന്ന് നാണ്യവിളകളും മറ്റും എത്തിക്കാനുമാണ് കടല്‍പ്പാലം ഉപയോഗിച്ചിരുന്നത്.
പൈതൃക സ്മാരകം:പാലത്തിന് ഇരു ഭാഗത്തും മികച്ച രീതിയില്‍ നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്. നടപ്പാതയില്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയകാലത്തിന്‍റെ സാക്ഷിയായ കടല്‍പ്പാലം സന്ദര്‍ശിക്കാന്‍ നിരവധി പേർ ദിനംപ്രതി ഇവിടെ എത്താറുണ്ട്. ടൂറിസത്തിനപ്പുറം തീരദേശ കപ്പല്‍ ഗതാഗത മേഖലയിലെ പ്രധാന ടെര്‍മിനലായും സമീപ തുറമുഖങ്ങളായ ബേപ്പൂര്‍, അഴീക്കല്‍ എന്നിവയുടെ ഫീഡര്‍ പോര്‍ട്ടായും തലശേരി തുറമുഖത്തെ മാറ്റിയെടുക്കാവുന്നതാണ്. മാരിടൈം കോര്‍പ്പറേഷന്‍റെ അധീനതയിലാണ് ഇന്ന് തലശേരി തുറമുഖം.
also read: Thalassery Fort: ഈ കോട്ടയുടെ കഥയാണ് തലശേരിയുടെ ചരിത്രം, കച്ചവടത്തിന് വന്നവർ നാട് ഭരിച്ച കഥ
also read: Edward Brennan| 'തലശേരിക്ക് കടലമ്മ കനിഞ്ഞ പോറ്റുമകന്‍', ഓര്‍മകളില്‍ ഒളിമങ്ങാതെ ബ്രണ്ണണ്‍ സായിപ്പ്; കേരളം എന്തുകൊണ്ട് ഇന്നും ഓര്‍മിക്കുന്നു