കണ്ണൂര്‍ :തലശ്ശേരിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് കടലോര കാഴ്ചകളാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതല്‍ അന്നത്തെ ഇംഗ്ലീഷ് ഭരണാധികാരികള്‍ ഉല്ലാസത്തിനായി തിരഞ്ഞെടുത്തത് തലശ്ശേരി തുറമുഖം മുതല്‍ കോടതി വരെയുള്ള കടല്‍ തീരങ്ങളാണ്.
ഇന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഈ മേഖല. തലശ്ശേരിയുടെ ചരിത്രം തന്നെ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. കടല്‍ കടന്നെത്തിയ വിദേശികളുടെ വിവരണങ്ങള്‍ തലശ്ശേരിയുടെ പ്രശസ്തി കൂട്ടി. അറബിക്കടലിന്‍റെ വിവിധ ഭാവങ്ങളും സൗന്ദര്യവും ദര്‍ശിക്കാനും വിശ്രമിക്കാനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് തലശ്ശേരിയിലെ 'ഓവര്‍ബറീസ് ഫോളി'. തലശ്ശേരി കോടതിയിലെ ജഡ്‌ജി ഇംഗ്ലീഷുകാരന്‍ ഇഎന്‍ ഓവര്‍ബറിയാണ് ഈ ഫോളിയുടെ സ്ഥാപകന്‍.
തച്ചുശാസ്ത്ര പ്രകാരം അക്കാലത്ത് ഇതൊരു വിഡ്ഢിത്തമാണെന്ന ആരോപണം ഇംഗ്ലീഷുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. കടലിനോട് ചേര്‍ന്ന് കുന്നില്‍ ഇരുപത്തഞ്ചിലേറെ ചെങ്കല്‍ പടികള്‍ കയറി കാഴ്ചകള്‍ കാണാനായിരുന്നു സായിപ്പ് ഇത് പണിതത്. എന്നാല്‍ അത് പൂര്‍ത്തിയാകാത്തതിനാല്‍ സായിപ്പിന്‍റെ വിഡ്ഢിത്തം എന്ന പരിഹാസത്തോടെ ഓവര്‍ബറീസ് ഫോളി എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്. എന്നാല്‍ കടലിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം ദര്‍ശിക്കാന്‍ ഇതുപോലൊരിടം തലശ്ശേരിയിലില്ലെന്ന സത്യം അടുത്ത കാലത്താണ് ആളുകള്‍ തിരിച്ചറിഞ്ഞത്. അതുവരെ സായിപ്പിനെ കളിയാക്കിയും മറ്റും ഇവിടം അവഗണിക്കുകയായിരുന്നു.
1870 മുതല്‍ തലശ്ശേരി കോടതിയിലെ ജഡ്ജിയായിരുന്ന ഓവര്‍ബറി സായിപ്പ് 1879 ലാണ് സബ് കലക്ടര്‍ ബംഗ്ലാവിന് പിറകിലെ കുന്നില്‍ ഒരു വിശ്രമസങ്കേതം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സായിപ്പിന്‍റെ പേരിനോടൊപ്പം ഫോളി ചേര്‍ത്ത് പരിഹസിക്കപ്പെട്ടത്.