പാത്രത്തിനകത്ത് തല കുടുങ്ങിയ നായകുഞ്ഞിന് രക്ഷകരായി തലശേരി പൊലീസും ഫയർ ഫോഴ്‌സും - firefighters
പൊലീസ് അഗ്നിരക്ഷാസേനയെ വിളിച്ച് നായകുട്ടിയുടെ കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചു മാറ്റി രക്ഷപെടുത്തുകയായിരുന്നു

കണ്ണൂർ : പ്ലാസ്റ്റിക് പാത്രത്തിനകത്ത് തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ നായകുഞ്ഞിന് രക്ഷകരായി തലശേരി പൊലീസും അഗ്നിരക്ഷാസേനയും. ടെംപിൾ ഗേറ്റ് പുതിയ റോഡ് ജംഗ്ഷനിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സി.ഐ കെ. സനൽ കുമാറാണ് പ്ലാസ്റ്റിക് പാത്രം ഇഴയുന്നതായി ആദ്യം കണ്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴേക്കും തല പുറത്ത് കാണാത്ത ജീവി ദൂരേക്ക് നീങ്ങാൻ തുടങ്ങി. തുടർന്ന് അതിന്‍റെ പിറകെ ഓടി അതിനെ പിടിച്ചപ്പോഴാണ് നായകുട്ടിയാണെന്നു മനസ്സിലായത്. കൂടെ ഉണ്ടായിരുന്ന പൊലീസുകാരുടെ സഹായത്തോടെ പ്ലാസ്റ്റിക് പാത്രം മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതേതുടർന്ന് അഗ്നി രക്ഷാസേനയെ വിളിച്ച് നായകുട്ടിയുടെ കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.