കണ്ണൂർ: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെയും ഓക്‌സിജൻ പ്രതിസന്ധികളുടെ ഇടയിലും തലശ്ശേരിയിൽ നിന്ന് ഒരു സന്തോഷ വാർത്ത. തലശ്ശേരി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ഓക്‌സിജൻ പ്ലാന്‍റ് ഇപ്പോൾ പൂർണമായും പ്രവർത്തന സജ്ജമായിരിക്കുകയാണ്. ഓരോ മിനിറ്റിലും 200 ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്‍റാണ് സജ്ജമായിരിക്കുന്നത്. എ.എൻ.ഷംസീർ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പ്ലാന്‍റ് നിർമിച്ചത്.
കഴിഞ്ഞ കൊവിഡ് കാലത്താണ് ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് എന്ന ആശയം ഉടലെടുത്തത്. തുടർന്ന് എ.എൻ.ഷംസീർ എം.എൽ.എയും അന്നത്തെ സുപ്രണ്ടായിരുന്ന ഡോ. പിയൂഷ് നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്ലാന്‍റ് സ്ഥാപിക്കാൻ വഴിയൊരുങ്ങുകയും ചെയ്‌തു. ലോക്ക്‌ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ ഗുജറാത്തിൽ നിന്നാണ് യന്ത്രങ്ങൾ കൊണ്ടു വന്നത്.