തലശ്ശേരി: ഭർത്താവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കാസര്‍കോട് - വെള്ളരിക്കുണ്ട് കല്ലന്‍ ചിറ ബളാലിലെ ഇലവന്‍കോട് വീട്ടില്‍ ഇജെ മനോജിനെ (35) പോക്‌സോ കേസില്‍ കുടുക്കിയ സംഭവത്തിലാണ് കോടതി ഉത്തരവ്. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. (Thalassery Court on Fake POCSO Case)
മനോജിന്‍റെ ഭാര്യയായിരുന്ന മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശിയായ യുവതിയുടേയും അവരുടെ അമ്മയുടേയും പേരില്‍ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുക്കാനാണ് സിജെഎം കോടതി ഉത്തരവിട്ടത്. ദാമ്പത്യ കലഹം കാരണം മനോജും ഭാര്യയും വേറിട്ട് കഴിയുകയാണ്. തലശ്ശേരി കുടുംബ കോടതിയില്‍ കേസും നിലവിലുണ്ട്.
ഈ കേസിന്‍റെ വിചാരണ വേളയില്‍ മനോജിന് സ്വന്തം മകനെ വിട്ട് നല്‍കാതിരിക്കാന്‍ യുവതിയും അമ്മയും ചേര്‍ന്ന് അയാൾക്കെതിരെ പോക്‌സോ കേസ് നല്‍കി. സ്വന്തം മകനെ ഉപദ്രവിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
Also Read:പോക്‌സോ കേസിൽ ജയിലിൽ കിടന്നത് 98 ദിവസം ; നിരപരാധിത്വം തെളിയിച്ച ആദിവാസി യുവാവ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന്
പോക്‌സോ കേസിന്‍റെ വിചാരണ വേളയില്‍ ആരോപണം തെറ്റാണെന്നും വ്യാജ പരാതിയാണെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പരാതിക്കാരായ ഭാര്യക്കും ഭാര്യാമാതിവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന് പിന്നാലെ അമ്മയ്‌ക്കും മകള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 181, 182, 191,192,120 ബി വകുപ്പുകള്‍ ചേര്‍ത്ത് തലശ്ശേരി പൊലീസ് കേസെടുത്തു.