കണ്ണൂർ: തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരനെ മര്‍ദിച്ച കേസിലെ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതി നടത്തിയത് നരഹത്യാശ്രമം ആണെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നും റിപ്പോർട്ടിലുണ്ട്.
കാറില്‍ ചാരിനിന്ന കുട്ടിക്ക് നേരെ അതിക്രമം; പ്രതി 14 ദിവസം റിമാൻഡില്‍ തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടു. കുട്ടിയെ സ്‌പീക്കർ എഎൻ ഷംസീർ സന്ദർശിച്ചു. കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.
ബലൂൺ വില്‌പന നടത്തുന്ന രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്‌ത കാറില്‍ കുട്ടി ചാരി നിൽക്കുകയായിരുന്നു. ഇതുകണ്ട കാറിൽ നിന്ന് ഇറങ്ങി വന്ന് ഷിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്.
കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌പിക്കും ബാലാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശം. അതിനിടെ പ്രതിക്കെതിരെ പൊലീസ് എഫ്ഐആർ സമർപ്പിച്ചു. വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.