' ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. സഹോദരൻ നഷ്‌ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോൾ സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്നത് ഞങ്ങളുടെ എല്ലാം നിർബന്ധമായിരുന്നു. എന്നാൽ വളരെ വേഗം തന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിന്‍റെ നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും. പാർട്ടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്‌മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും വേണ്ടി ത്യാഗപൂർവം നൽകിയ സഖാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഉജ്വലസ്‌മരണക്ക് മുന്‍പില്‍ ആദരാഞ്ജലി അർപ്പിക്കുന്നു'. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍റെ മരണവാർത്തയ്ക്ക് ശേഷം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കില്‍ എഴുതി അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
പിന്നീടുണ്ടായത് കേരളം കണ്ടതാണ്. തലശേരി ടൗൺഹാളില്‍ കോടിയേരിയുടെ മൃതദേഹത്തിന് മുന്നില്‍ അചഞ്ചലനായി ഏഴ് മണിക്കൂറോളം ഒരേ ഇരിപ്പില്‍ ഭാവവ്യത്യാസങ്ങളിലാതെ ഇരുന്ന പിണറായി വിജയനെ കേരളം ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ല. സിഎച്ച് കണാരനും അഴീക്കോടൻ രാഘവനും ഇഎംഎസും എകെജിയും ചടയൻ ഗോവിന്ദനും ഇകെ നായനാരും അങ്ങനെ മുന്നില്‍ നിന്ന് നയിച്ചവരും ഒപ്പം നടന്ന സഖാക്കളും വിടപറഞ്ഞപ്പോഴൊന്നും പിണറായി വികാരത്തെ അടക്കി നിർത്തിയിട്ടുണ്ടാകും.
അചഞ്ചലനായിരുന്നു പിണറായി, പക്ഷേ..!:എതിരാളികളുടെ വാളിനും ബോംബിനും മുന്നില്‍ പ്രിയസഖാക്കൾ മരണം വരിച്ചപ്പോഴും അചഞ്ചലനായിരുന്നു പിണറായി. പക്ഷേ, തലശേരി ടൗൺ ഹാളില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി പയ്യാമ്പലത്തേക്ക് വിലാപയാത്ര പുറപ്പെട്ടപ്പോൾ അതിന് പിന്നിലായി പിണറായിയും നടന്നു. മൂന്ന് കിലോമീറ്ററാണ് അദ്ദേഹം പ്രിയസഖാവിന്‍റെ അവസാന യാത്രയില്‍ പയ്യാമ്പലത്തേക്ക് നടന്നത്. പയ്യാമ്പലത്ത് എത്തിയപ്പോൾ മൃതദേഹം തോളിലേറ്റി ചിതയിലേക്ക് എടുക്കാനും പിണറായി മുന്നിലുണ്ടായിരുന്നു.