കണ്ണൂർ:മംഗലാപുരത്ത് നിന്നും കോഴിക്കോട് പോകുകയായിരുന്ന പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തിൽ ഭീതിയൊഴിയുന്നു. മിനിലോക്ക്‌ഡൗൺ പ്രമാണിച്ച് വാഹനങ്ങൾ കുറവായതിനാൽ വൻ അപകടമാണ് ഇന്നലെ ഒഴിവായത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാളെ സാരമായ പരിക്കുകളോടെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ടാങ്കറിലുള്ള പാചകവാതകം സുരക്ഷിതമായി മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലയിലായിരുന്നു അപകടം. ടാങ്കര്‍ മറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വേഗത്തില്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ടാങ്കിന്‍റെ മൂന്ന് ഭാഗത്ത് വാതകചോര്‍ച്ചയുണ്ടായതായി കണ്ടെത്തി. ചോർച്ചയുള്ള അടി ഭാഗത്ത് മണ്ണിടുകയും ചെയ്തു. കൂടാതെ കണ്ണൂർ, മട്ടന്നൂര്‍, തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തി.