കേരളം

kerala

ETV Bharat / state

വളവില്ലാതെ നേരെ പോകാം...... തളിപ്പറമ്പ് - ഇരിട്ടി പാതയിലെ വളവുകൾ നിവർത്തുന്നു - വളവുകൾ നിവർത്തുന്നു

പാതയിലെ അഞ്ച് കൊടും വളവുകളാണ് നിവർത്തുന്നത്

Taliparamb  തളിപ്പറമ്പ് - ഇരിട്ടി പാത  വളവുകൾ നിവർത്തുന്നു  Taliparamb - Irty path
വളവില്ലാതെ നേരെ പോകാം...... തളിപ്പറമ്പ് - ഇരിട്ടി പാതയിലെ വളവുകൾ നിവർത്തുന്നു

By

Published : May 8, 2021, 11:27 AM IST

Updated : May 8, 2021, 11:47 AM IST

കണ്ണൂര്‍:തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ ഇനി വളവുണ്ടാകില്ല. പാതയിലെ അഞ്ച് കൊടും വളവുകളാണ് നിവർത്തുന്നത്. ഇരിട്ടിയിലേക്കുള്ള 45 കിലോമീറ്റര്‍ റോഡിലെ ഏറ്റവും അപകടകരമായിരുന്ന ഭാഗമായിരുന്നു കരിമ്പം ജില്ലാ കൃഷിഫാമിന് നടുവിലൂടെയുള്ള ഈ വളവുകള്‍. ഒട്ടേറെ അപകടങ്ങളും മരണങ്ങളും നടന്ന പ്രദേശം കൂടിയാണിത്. പക്ഷെ റോഡിലെ വളവുകള്‍ നിവര്‍ത്തി വിപുലീകരിക്കാന്‍ സ്ഥല സൗകര്യമില്ലാത്തതിനാല്‍ ഇത് അപകടവളവായി തന്നെ തുടരുകയായിരുന്നു. അതില്‍ ഏറ്റവും മാരകമായ വളവായിരുന്നു 11 വളവെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന വളവ്.

വളവില്ലാതെ നേരെ പോകാം...... തളിപ്പറമ്പ് - ഇരിട്ടി പാതയിലെ വളവുകൾ നിവർത്തുന്നു

ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടം നടന്നത്. കരിമ്പം ഫാമില്‍ നിന്ന് സ്ഥലം വിട്ട് കിട്ടാതെ റോഡിലെ വളവ് നിവര്‍ത്താന്‍ സാധിക്കുമായിരുന്നില്ല. സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ഇത്തരമൊരാവശ്യത്തിന് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കടമ്പകള്‍ ഏറെയായിരുന്നു. ഇതിലെ നിയമനടപടികള്‍ സങ്കീര്‍ണമായതിനാലാണ് ഇത്രയും കാലം ആരും കരിമ്പം വളവ് നിവര്‍ത്തുന്നതിനായി രംഗത്ത് വരാതിരുന്നത്.

തളിപ്പറമ്പ് മണ്ഡലം എംഎല്‍എയായിരുന്ന ജെയിംസ് മാത്യുവിന്‍റെ ശ്രമഫലമായാണ് നിലവില്‍ വളവുകള്‍ നിവരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനും ഗതാഗത മന്ത്രി, കൃഷി മന്ത്രിയോടും നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് വികസനത്തിനായി കരിമ്പം ഫാമിലെ ഒരേക്കര്‍ 12 സെന്‍റ്‌ സ്ഥലം കൃഷിവകുപ്പ് വിട്ട് നല്‍കിയത്. ഇതോടെ നാല് വളവുകള്‍ വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കാനും പതിനൊന്നാം വളവില്‍ പുതിയ കോണ്‍ക്രീറ്റ് പാലം പണിത് നേര്‍രേഖയില്‍ തന്നെ റോഡ് നിര്‍മിക്കുവാനും തീരുമാനിക്കുകയായിരുന്നു.

കൂടാതെ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പൂര്‍ണമായും ഈ പ്രദേശത്ത് ഇരുട്ടാണ്. സോളാർ ലൈറ്റ് സ്ഥാപിക്കുന്നതും റോഡ് നിര്‍മാണ പ്രവര്‍ത്തിയുടെ ഭാഗം തന്നെയാണ്. കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്ന പ്രദേശം ഫാമിലെ ജൈവ വൈവിധ്യ കേന്ദ്രമായ ചോല മൂലയിലൂടെയായതിനാല്‍ പരമാവധി ഇവിടെ മരം മുറി കുറച്ചാണ് പാലം നിര്‍മിക്കുക. മുറിച്ച് മാറ്റിയ മരങ്ങള്‍ക്ക് പകരം മരങ്ങള്‍ നട്ടുപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തളിപ്പറമ്പ്‌ ഇരിട്ടി സംസ്ഥാനപാതയില്‍ ഇടിസി മുതല്‍ കരിമ്പം പാലം വരെ റോഡുകളുടെ വീതി കൂട്ടുന്നുണ്ട്. ഇതുള്‍പ്പെടെ 32 കോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തിയാണ് പ്രദേശത്ത് നടക്കുന്നത്.

Last Updated : May 8, 2021, 11:47 AM IST

ABOUT THE AUTHOR

...view details