കണ്ണൂര്‍ :പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭൻ കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ന്യുമോണിയ ബാധിച്ചതോടെ ജൂൺ 23 നാണ് അദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്നു. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ്, കൊവിഡിനെ തോൽപ്പിച്ച് കഥയുടെ കുലപതി വീട്ടിലേക്ക് മടങ്ങിയത്.
നന്ദിയറിയിച്ച് കഥാകാരന്‍
സന്തതസഹചാരി രാമചന്ദ്രനും കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊവിഡിനെ പോരാടി തോൽപ്പിക്കാൻ കരുത്തുപകർന്നതിന് ആരോഗ്യപ്രവർത്തകർക്ക് പത്മനാഭൻ നന്ദി അറിയിച്ചു. രോഗം മാറിയെങ്കിലും രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. 14 ദിവസം കഴിഞ്ഞ് വീണ്ടും മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.
സുഖവിവരം തിരക്കി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും കൊവിഡ് മുക്തനായി ആശുപത്രി വിടുമ്പോഴുമായി, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോർജ്, സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ, കമൽ ഹാസൻ, കോടിയേരി ബാലകൃഷ്ണൻ, തുടങ്ങിയവർ ടി പത്മനാഭനുമായി നേരിട്ടും മെഡിക്കൽ കോളജ് അധികൃതരോടുമായും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.
ALSO READ:അനന്തുവെന്ന പേരില്‍ രേഷ്‌മയോട് ചാറ്റ് ചെയ്തത് ജീവനൊടുക്കിയ പെണ്‍കുട്ടികള്‍ ; കേസില്‍ വഴിത്തിരിവ്
എം.വിജിൻ എം.എൽ.എ, മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ എസ് അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ മനോജ്, ആർ.എം.ഒ സരിൻ എസ്.എം, നഴ്‌സിങ് സൂപ്രണ്ട് റോസമ്മ സണ്ണി തുടങ്ങിയവർ ചേർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്.