കണ്ണൂർ:ലോക ശാസ്‌ത്രജ്ഞരുടെ ഗവേഷണ മികവിന്‍റെ സൂചികയായ എ.ഡി സയന്‍റിഫിക് ഇൻഡക്‌സില്‍ തളിപ്പറമ്പ് സർ സയിദ് കോളജിലെ എട്ട് അധ്യാപകർ ഇടം നേടി. കണ്ണൂർ സർവകലാശാലയിലെ കോളജുകളിൽ ഏറ്റവും കൂടുതൽ അധ്യാപകർ ഇടം നേടുന്ന ക്യാമ്പസാണ് ഇത്. 2022 ജൂലൈ വരെയുള്ള പ്രശസ്‌ത അന്തർദേശീയ ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങ്ങൾക്ക് ശാസ്‌ത്ര സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ മാനദണ്ഡമായ എച്ച് ഇൻഡക്‌സ്, ടൈൻ ഇൻഡക്‌സ് എന്നിവയാണ് റാങ്കിങിന് ആധാരം.
സർ സയിദ് കോളജിന് അന്താരാഷ്‌ട്ര നേട്ടം; എ.ഡി സയന്‍റിഫിക് ഇൻഡക്‌സില്‍ എട്ട് അധ്യാപകർ ഇടംനേടി - സർ സയിദ് കോളജിന് അന്താരാഷ്‌ട്ര നേട്ടം
2022 ജൂലൈ വരെയുള്ള പ്രശസ്‌ത അന്തർദേശീയ ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങ്ങൾ അടിസ്ഥാനമാക്കിയുള്ള എ.ഡി സയന്‍റിഫിക് ഇൻഡക്‌സിലാണ് അധ്യാപകർ നേട്ടം കൈവരിച്ചത്
കെമിസ്‌ട്രി ആൻഡ് നാനോ ടെക്‌നോളജിയിൽ ഡോക്‌ടര്‍ അശ്വിനി കുമാർ, ബോട്ടണി ആന്‍ഡ് മൈക്കോളജിയിൽ ഡോ. ഗായത്രി ആർ നമ്പ്യാർ, ഫിസിക്‌സ് ആന്‍ഡ് മെറ്റീരിയൽ സയൻസിൽ ഡോ. എം.പി ജാഫർ, ബോട്ടണി ആന്‍ഡ് ഫിസിയോളജിയില്‍ ഡോ. എ.എം ഷാക്കിറ, കമ്പ്യൂട്ടേഷൻ ആന്‍ഡ് ഇന്നോർഗാനിക് കെമിസ്‌ട്രിയിൽ ഡോ. എ.ആർ ബിജു, ബോട്ടണി ആന്‍ഡ് ജീൻ എഡിറ്റിങില്‍ ഡോ. ടാജോ എബ്രഹാം, ബോട്ടണി ആന്‍ഡ് ഫ്ലാറ്റ് ഫിസിയോളജിയിൽ ഡോ. എ.കെ അബ്‌ദുള്‍ സലാം, ഫോറസ്റ്ററി ആന്‍ഡ് എൻ്റമോളജിയിൽ ഡോ. ആർ.എസ്.എം ഷംസുദീൻ എന്നിവരാണ് ലോക ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇടം നേടിയ സർ സയിദ് കോളജിലെ അധ്യാപകർ.
കോളജിന് മുന്‍പും നേട്ടങ്ങള്‍:കോളജിന് ഇത്തരമൊരു നേട്ടം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാള്‍ ഇസ്‌മായിൽ ഓലയിക്കര പറഞ്ഞു. ലോകത്തിലെ 16,000 ഗവേഷണ സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം ഗവേഷകരിൽ നടത്തിയ റാങ്കിങാണ് എ.ഡി സയന്‍റിഫിക് ഇൻഡക്‌സ്. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് യു.ജി.സി, കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, രജിത് ബാലകൃഷ്‌ണൻ ഫൗണ്ടേഷൻ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ നിന്നും ഗവേഷണ ഗ്രാന്‍റുകൾ ലഭിച്ച മികച്ച ശാസ്‌ത്ര ഗവേഷണ വിഭാഗങ്ങളും സർ സയിദ് കോളജിനുണ്ട്. മുപ്പതോളം ഗവേഷണ വിദ്യാർഥികൾ പി.എച്ച്.ഡി നേടുകയും 32 പേർ ഗവേഷണം നടത്തുകയും ചെയ്യുന്ന കോളജ് കൂടിയാണിത്.