കണ്ണൂർ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് അതായത് 1993 സെപ്‌റ്റംബർ മാസം, ഹിന്ദി അധ്യാപകനും ചിത്രകാരനുമായ സുരേഷ് അന്നൂരിനെ തേടി ഒരു പോസ്റ്റുകാർഡ് വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു."പ്രിയപ്പെട്ട സുരേഷ് , ചിത്രം നന്നായിരിക്കുന്നു, ധാരാളം വരയ്ക്കുക, വിജയം നേരുന്നു". താഴെ വിശ്വവിഖ്യാതമായ ആ കയ്യൊപ്പും. കഥകളുടെ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ...
കഥകൾ പറഞ്ഞ് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരന് ആദരമായി ചിത്രം വരച്ച് അയച്ചുകൊടുത്തതിന്‍റെ മറുപടിയായാണ് സുരേഷിനെ തേടി ആ കത്ത് എത്തിയത്. കഥകൾ വായിച്ചും കഥാകൃത്തിനെ ആഴത്തിലറിഞ്ഞും ആരാധന തോന്നിയപ്പോഴാണ് ബഷീറിനെ സുരേഷ് കാൻവാസിലാക്കിയത്. കണ്ണൂർ കരിവെള്ളൂർ എവി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുരേഷ് അന്നൂർ കേരളത്തിലെ അപൂർവം ഡോട്ട് ചിത്രകാരൻമാരിൽ ഒരാളാണ്.
കഴിഞ്ഞ മുപ്പത് വർഷമായി കലാരംഗത്ത് സജീവമാണ് ഈ അധ്യാപകൻ. ബഷീറിനെ വരച്ചതും വെള്ളപ്പേപ്പറില്‍ കുഞ്ഞുകുഞ്ഞ് കുത്തുകളിട്ടാണ്. കാറല്‍മാക്സ് മുതല്‍ ഇകെ നായനാർ വരയും നരേന്ദ്രമോദി മുതല്‍ കെ കരുണാകരൻ വരെയും സുരേഷിന്‍റെ വരകളിലുണ്ട്. അന്തരിച്ച സിനിമ താരങ്ങളായ കലാഭവൻ മണിയും മോനിഷയേയുമൊക്കെ സുരേഷ് ഡോട്ട് പെയിന്‍റിങ് വഴി സൃഷ്ടിച്ചിട്ടുമുണ്ട്. മലയാള സാഹിത്യത്തെ സാധാരണക്കാരന്‍റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ പ്രിയ കഥാകാരൻ ഓർമയായി 29 വർഷങ്ങൾ പിന്നിടുമ്പോൾ ബേപ്പൂര്‍ സുല്‍ത്താൻ അയച്ച കത്തിന്‍റെ ഓർമത്തിളക്കത്തിലാണ് ചിത്രകാരനായ സുരേഷ് അന്നൂർ.
ഡോട്ട് പെയിന്‍റിങ് : നിരവധി ചെറിയ കുത്തുകൾ ചേർന്ന് മനോഹരമായ വലിയ ചിത്രം സൃഷ്ടിക്കുന്നതാണ് ഡോട്ട് ചിത്രരചന. അപൂർവം കലാകാരൻമാർ മാത്രമാണ് ഈ രംഗത്ത് സജീവമായിട്ടുള്ളത്. ആയിരക്കണക്കിന് കുത്തുകൾ ചേർത്താണ് മനോഹര ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത്. ഡോട്ട് പെയിന്‍റിങ്ങിന് ഇപ്പോൾ കലാകാരൻമാർക്കിടയില്‍ വലിയ പ്രചാരമുണ്ട്.