കണ്ണൂര്‍:സംഘടിച്ച് ശക്തരായതിന്‍റെ കഥയാണ് കൂത്തുപറമ്പ് ഗ്രാമ ബേക്കറിക്ക് പറയാനുള്ളത്. കേരളാ ഖാദി ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സഹകരണ ബേക്കറിയാണ് ഗ്രാമ. സഹകരണ മേഖലയുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി വളര്‍ന്നു കൊണ്ടിരിക്കയാണ് ഗ്രാമ ബേക്കറി.
പൊതു മാര്‍ക്കറ്റിനോട് മത്സരിക്കാന്‍ പത്ത് ശതമാനം വില കുറച്ച് മധുരവും എരിവുമുള്ള പലഹാരങ്ങള്‍ വിറ്റും വിതരണം ചെയ്‌തും ചുവടുറപ്പിച്ചു കഴിഞ്ഞു കൂത്തുപറമ്പ ഗ്രാമവ്യവസായ സഹകരണ സംഘം (success story of Kannur Grama Bakery).
അടുത്ത കാലത്ത് സഹകരണ മേഖലക്കുണ്ടായ ദുഷ്‌പ്പേര് മൂലം ഈ മേഖലയെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന കാലത്താണ് ഗ്രാമസംഘത്തിന്‍റെ വിജയഗാഥ. 1988 ല്‍ കൂത്തുപറമ്പ് മൂരിയാട് ഗ്രാമത്തില്‍ ഒരു ഫ്‌ളോര്‍ മില്ല് സ്ഥാപിച്ചായിരുന്നു തുടക്കം. 25 പേര്‍ അംഗങ്ങളായി ആരംഭിച്ച മില്ല് ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അപ്പക്കൂട് സ്ഥാപിച്ച് ബേക്കറിയിലേക്ക് മാറി.
തലച്ചുമടായി കൊണ്ടു പോയി വില്‍പ്പന നടത്തിയിട്ടും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെട്ടു. 2002ല്‍ കൂത്തുപറമ്പ് ബസ് സ്‌റ്റാന്‍ഡ് കോപ്ലക്‌സില്‍ ഒരു മുറിയെടുത്ത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. കൃത്രിമ നിറങ്ങള്‍ നല്‍കി മറ്റ് ബേക്കറികളില്‍ മധുരപലഹാരങ്ങള്‍ നിറയുമ്പോള്‍ സ്വാഭാവിക ചേരുവകള്‍ കൊണ്ട് നിര്‍മ്മിച്ച പലഹാരങ്ങള്‍ വാങ്ങാന്‍ മെല്ലെ മെല്ലെ നഗരത്തിലെ ഗ്രാമ ബേക്കറിയില്‍ ആളുകളെത്തി.
അതോടെ ഗ്രാമബേക്കറി സംഘത്തിന്‍റെ തലവര തെളിഞ്ഞു. മാര്‍ക്കറ്റിനേക്കാള്‍ വിലകുറച്ച് വില്‍പ്പന തുടങ്ങിയതോടെ ഗ്രാമ ബേക്കറിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. അതിനിടെ അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. അഞ്ഞൂറ് രൂപയുടെ അഞ്ഞൂറിലേറെ ഓഹരി ഉടമകള്‍. അതോടെ പുതിയ ആശയങ്ങള്‍. പുതിയ വിഭവങ്ങള്‍. ഗ്രാമ ഉത്പ്പാദിപ്പിച്ചു തുടങ്ങി.
ലഡു, ജിലേബി, മിക്‌ചര്‍, കേക്ക് എന്നിവക്കു പുറമേ നൂറ്റമ്പതോളം പലഹാര ഇനങ്ങള്‍ ഗ്രാമയുടെ ബേക്കറിയില്‍ സ്ഥാനം പിടിച്ചു. കൂത്തുപറമ്പില്‍ തന്നെ രണ്ടാമത്തെ വിശാലമായ സ്ഥലത്ത് വിപണന കേന്ദ്രം തുടങ്ങി. 2011 ലായിരുന്നു അത്. 2016 ല്‍ വില്‍പ്പന കേന്ദ്രം ശിവപുരത്ത് ആരംഭിച്ചു. അതോടെ ഗ്രാമ എന്ന പേര് ബേക്കറിയുടെ പര്യായമായി.
2019 ല്‍ കൂത്തുപറമ്പ് മാര്‍ക്കറ്റ് കോപ്ലക്‌സില്‍ ശാഖ തുറന്നു. അടുത്ത ദിവസം ഗ്രാമബേക്കറി അധികൃതര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്നും വിളിയെത്തി. ചിപ്‌സ്, മിക്‌ചര്‍ എന്നിവക്കായിരുന്നു അന്വേഷണം. ഈ രണ്ടിനങ്ങളുടേയും സാമ്പിളയച്ച് കാത്തിരിക്കുകയാണ് ഗ്രാമയുടെ സംഘാടകര്‍.
ഓര്‍ഡര്‍ ലഭിച്ചാല്‍ ഗ്രാമയുടെ ഉത്പ്പന്നങ്ങള്‍ കടല്‍ കടക്കും. അതോടെ ബേക്കറി വ്യവസായ രംഗത്ത് വന്‍കിട സ്ഥാപനങ്ങളുമായി മത്സരിക്കാനുള്ള ശക്തി ഈ സഹകരണ ബേക്കറിക്ക് ലഭിക്കും. ബേക്കറി ഉത്പ്പന്നങ്ങളുടെ രംഗത്ത് പുതിയ പരീക്ഷണങ്ങളും ഗ്രാമ നടത്തുന്നുണ്ട്.
സ്വീറ്റ് ബന്‍, ദില്‍ പസന്ത് എന്നിവയാണ് പുതിയ വിഭവങ്ങള്‍. ബന്നിന്‍റെ മുകളില്‍ എള്ളും ഫ്രൂട്ടി ഫ്രൂട്ടിയും ചേര്‍ത്തതാണ് സ്വീറ്റ് ബന്‍. ദില്‍പസന്തിന് തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവയാണ് ചേരുവ. ക്യാരറ്റ് കേക്കും വിവിധ തരത്തിലുള്ള ന്യൂജന്‍ കേക്കുമെല്ലാം ഗ്രാമയുടെ ഉത്പ്പാദന കേന്ദ്രത്തില്‍ നിന്നും വിൽപ്പനക്കെത്തുന്നുണ്ട്. ലൈവ് കേക്ക് നിര്‍മ്മാണവും നടത്തുന്നുണ്ട്.
കോവിഡ് കാലത്ത് റെയ്‌ഡ്‌കോ മുഖേന കശുവണ്ടിയും ഏലവും പാക്ക് ചെയ്‌ത് നല്‍കിയതാണ് ഗ്രാമയുടെ കുതിച്ചു ചാട്ടത്തിന് കാരണമായത്. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 80 ലക്ഷം രൂപയുടെ അറ്റാദായം ഗ്രാമ നേടി. ബേക്കറി യൂണിറ്റുകളിലും വിപണന കേന്ദ്രങ്ങളിലും ഓഫീസിലുമായി 654 പേര്‍ ജോലി ചെയ്യുന്നു.
കൂള്‍ ബാറും റസ്‌റ്ററന്‍റും നടത്തി വരുന്ന ഗ്രാമ ഹോട്ടല്‍ മേഖലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. അത് വഴി സഹകരണത്തിലൂടെ വിജയം കൊയ്യുക എന്ന ലക്ഷ്യത്തിലാണ് പ്രസിഡണ്ട് എം.പി സുരേഷ് ബാബുവും സെക്രട്ടറി പി.സരിതയും മാനേജര്‍ ശാരി പനോളിയും.