കണ്ണൂര്‍:മാഹിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് പരിക്ക് (Stray Dog Attack At Mahe). മാഹി ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപത്തെ സുബൈദ മന്‍സിലിലെ സാജിദിന്‍റെ മകള്‍ ഫൈസയ്ക്കാണ് തെരുനായയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇന്ന് (28-11-2023-ചൊവ്വാഴ്‌ച) വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന ഫൈസയെ നായ ആക്രമിക്കുകയായിരുന്നു.
തെരുവുനായ കുട്ടിയുടെ മുഖത്തും ശരീരത്തും കടിച്ചു പരിക്കേല്‍പ്പിച്ചു. വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചിട്ടും നായ ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിക്ക് കൂടുതൽ പരിക്കേൽക്കാതെ രക്ഷിക്കാനായത്. പരിക്കേറ്റ ഫൈസയ്ക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ചികിത്‌സ നൽകി. നേരത്തെ ഫൈസയുടെ സഹോദരനും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അന്ന് കഴുത്തിലായിരുന്നു കടിയേറ്റത്.
മാഹിയിൽ അടുത്തിടെ ഒരു വഴിയാത്രക്കാരിക്കും തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അടുത്തിടെ തെരുവുനായ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മാഹി മുനിസിപ്പല്‍ അധികൃതര്‍ തെരുവുനായകളെ നിയന്ത്രിക്കാനുള്ള യാതൊരു സമീപനവും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.