കണ്ണൂർ :കളിയും ചിരിയും പാട്ടുമായി ഈ കുട്ടികള്‍ക്കൊപ്പം കൂടുമ്പോള്‍ തങ്കമ്മ ടീച്ചര്‍ക്ക് 63-ാം വയസിലും ഇരുപതിന്‍റെ ചെറുപ്പമാണ്. 40 വര്‍ഷമായി അങ്കണവാടിയിലെ കുട്ടികളുടെ മനസും മിടിപ്പും മനപ്പാഠമാണ് തങ്കമ്മയ്ക്ക്. ടീച്ചർ പദവിക്കും അങ്കണവാടിക്കുമപ്പുറം സ്‌പോട്‌സ് മാന്‍ സ്‌പിരിറ്റിന്‍റെ ലോകവുമുണ്ടിവര്‍ക്ക്.
35 വയസുമുതൽ 100 വയസ് വരെയുള്ളവർക്കായി നടത്തുന്ന കായിക മത്സരത്തിലെ മിന്നും താരമാണ് ടീച്ചർ. 5 കിലോമീറ്റർ നടത്തത്തിലും 100 മീറ്റർ ഓട്ടത്തിലും ടീച്ചർ ഇതിനോടകം തന്‍റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. 2019 നവംബറിൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ 5 കിലോമീറ്റർ നടത്തത്തിൽ സ്വർണ മെഡലാണ് ടീച്ചറെ തേടിയെത്തിയത്.
ചപ്പാരപ്പടവിലെ പി ടി ഉഷയെന്ന തങ്കമ്മ ടീച്ചര്‍ ഇങ്ങനെയാണ് ഉത്തർ പ്രദേശിലും ഹരിയാനയിലും ഡൽഹിയിലും നടന്ന മത്സരങ്ങളില്‍ ട്രാക്കിലെ മിന്നും താരങ്ങളില്‍ ഒരാളായി. ചെറുപ്പത്തില്‍ സ്‌കൂളിലേക്ക് നടന്ന ആ 9 കിലോമീറ്ററാണ് തങ്കമ്മയുടെ ഉള്ളിലെ കായിക താരത്തിന് മുതല്‍ക്കൂട്ടായത്. സംഗതി ഇങ്ങനെ ഒക്കെയാണെങ്കിലും കണ്ണൂർ ആലക്കോട് മൂന്നാം കുന്ന് സ്വദേശിനി പിന്നിട്ട വഴികൾ അത്ര മധുരമുള്ളതല്ല.
സ്വന്തം ചിലവിൽ യാത്ര തുടരുന്നതിനപ്പുറം പിന്തുണയായി ഒരു സർക്കാർ സഹായവും എത്തുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. എന്നാല്‍ തന്നോടുള്ള അവഗണനയൊന്നും ടീച്ചർ ശ്രദ്ധിക്കാറേയില്ല. വ്യായാമമെന്ന നിലയിൽ നടത്തത്തിൽ കിലോമീറ്ററുകൾ താണ്ടും, 'ചപ്പാരപ്പടവിലെ പിടി ഉഷ'യെന്ന അടക്കം പറച്ചിലിനെ ചിരിച്ചുകൊണ്ട് നേരിട്ട് ഓട്ടം തുടരുകയാണ് തങ്കമ്മ ടീച്ചര്‍.