കണ്ണൂര്‍: 63-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് കണ്ണൂരിൽ വർണാഭമായ തുടക്കം. ആദ്യ ദിനത്തില്‍ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ 35 പോയിന്‍റുമായി പാലക്കാടും 32 പോയിന്‍റുമായി എറണാകുളവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 27 പോയിന്‍റുമായി കോഴിക്കോടും 18 പോയിന്‍റുമായി തൃശൂരും തൊട്ടുപിന്നിലുണ്ട്.
സംസ്ഥാന സ്‌കൂൾ കായികോത്സവം; പാലക്കാടും എറണാകുളവും ഇഞ്ചോടിഞ്ച് സെന്‍റ് ജോർജ് കോതമംഗലമില്ലാതെയാണ് എറണാകുളത്തിന്‍റെ കുതിപ്പെന്നതും ശ്രദ്ധേയമായി. റെക്കോർഡ് പ്രകടനം കണ്ട പെൺകുട്ടികളുടെ ലോങ്‌ജംപ് മത്സരത്തിൽ 6.05 മീറ്റർ ദൂരമെന്ന ദേശീയ റെക്കോർഡ് ചാട്ടത്തെ തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസി സോജൻ മറികടന്നു. 6.25 മീറ്റർ ചാടിയാണ് ആൻസി റെക്കോര്‍ഡോടെ സ്വർണം നേടിയത്. ഇതേ വിഭാഗത്തിൽ വെള്ളി നേടിയ പ്രഭാവതിയും ദേശീയ റെക്കോർഡ് ദൂരത്തിനൊപ്പമെത്തി. 6.05 മീറ്ററാണ് പ്രഭാവതി ചാടി കടന്നത്.
400 മീറ്റർ പെൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ ഓട്ടമത്സരത്തിൽ കോഴിക്കോട് ഉഷാ സ്കൂളിന്‍റെയും, സീനിയർ വിഭാഗത്തിൽ മേഴ്സിക്കട്ടൻ സ്കൂൾ കൊച്ചിയുടെ നേട്ടവും ശ്രദ്ധേയമായി. സബ് ജൂനിയർ 400 മീറ്റർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശാരിക സുനിൽ കുമാർ സംസ്ഥന റെക്കോർഡോടെയാണ് സ്വർണം നേടിയത്. 59.55 സെക്കന്റിലാണ് ശാരിക പുതിയ സമയം കുറിച്ചത്.
കായികോത്സവത്തോടനുബന്ധിച്ച് വർണാഭമായ മാർച്ച് പാസ്റ്റും നടന്നു. കായികോത്സവം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. സ്കൂളുകളുടെ കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി സർക്കാർ വൻ പദ്ധതിയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കായിക മികവ് കാണിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക ഫണ്ട് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കും. സന്തോഷ് ട്രോഫി വിജയിച്ച കേരള ടീമിലെ ജോലിയില്ലാത്തവർക്ക് സർക്കാർ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു . കായിക രംഗത്ത് അനാവശ്യ കിടമത്സരത്തിലൂടെ കുരുന്ന് താരങ്ങളുടെ ശേഷി ഊറ്റിയെടുത്ത് നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. സ്കൂൾ മേളകളിൽ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് കണ്ടു പിടിക്കാൻ സർക്കാർ വഴി തേടുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രണ്ടാം ദിനമായ നാളെ 23 ഇനങ്ങളിൽ ഫൈനൽ നടക്കും.