കണ്ണൂര്‍ :ചരിത്രത്തിൽ ആദ്യമായി തലശ്ശേരിയിൽ സംസ്ഥാന മന്ത്രിസഭ യോഗം ചേർന്നു (Cabinet meeting at Thalassery for the first time). രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തലശ്ശേരിയിലെ പേൾ വ്യൂ ഹോട്ടലിലാണ് യോഗം ചേർന്നത്. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ, തലസ്ഥാന നഗരി വിട്ട് മറ്റൊരിടത്ത് മന്ത്രിസഭ യോഗം ചേരുന്നത് ഇത് ആദ്യമായാണ്.
ഇതിന് മുമ്പ് താനൂർ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ മന്ത്രി വി അബ്‌ദുറഹിമാന്‍റെ ഔദ്യോഗിക വസതിയിൽ മാത്രമാണ് യോഗം ചേർന്നത്. ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന നവകേരള സദസിന്‍റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും തുരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭ യോഗം ചേരുന്നുണ്ട് (Nava Kerala Sadas cabinet meeting first time at Thalassery). അതിനിടെ നവ കേരള സദസിന്‍റെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും.
പാനൂർ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ ഗുരു നഗറിൽ ആണ് കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്. പതിനായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതൽ 10 മണി വരെ പൊതുജനങ്ങൾക്ക് പരാതികളും വികസന നിർദേശങ്ങളും നൽകാം. 9.15നാണ് കലാപരിപാടികൾ തുടങ്ങുക.
11 മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. 12.30 വരെയാണ് നവകേരള സദസ്. 12 30 മുതൽ തീരുന്നത് വരെ പരാതികൾ വീണ്ടും സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ട് മുതലാണ് മട്ടന്നൂർ മണ്ഡലത്തിലെ നവ കേരള സദസ്. 10,000 പേർക്ക് ഇരിക്കാവുന്ന പന്തല്‍ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.