കണ്ണൂര്‍ :ആൺ പെൺ ഭേദമന്യേ നൂറിനടുത്ത് വരുന്ന കുട്ടികൾ. ആയുധങ്ങള്‍ തൊഴുത് ഗുരുക്കളുടെ നിർദേശം കേട്ട് അവർ ഇറങ്ങുന്നത്തോടെ കളരിത്തട്ട് ഉണരുന്നു. 1948 മുതൽ കണ്ണൂർ വളപട്ടണത്തെ അത്യപൂർവമായ കാഴ്ചയാണ് ഇത്. ദിനചര്യ തെറ്റാതെ ഓരോ തലമുറയ്ക്കും കളരിയുടെ പാഠങ്ങൾ പകർന്നുനൽകുകയാണ് ശ്രീഭാരത് കളരി സംഘം.
1948 ൽ ശ്രീധരൻ നായരാണ് കളരി സംഘം സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെയും പീച്ചാളി നാരായണൻ ഗുരുക്കളുടെയും ശിഷ്യൻമാരായ വിജയൻ ഗുരുക്കൾ, ശ്രീധരൻ ഗുരുക്കൾ, ലക്ഷ്മണൻ തുടങ്ങിയവരിലൂടെയായിരുന്നു കളരി ശിക്ഷണത്തിൻ്റെ തുടക്കം. ഇന്ന് എസ്. ആർ. പി പ്രസാദാണ് ഗുരുസ്ഥാനത്ത് നിൽക്കുന്നത്.
ചടുലമായ ചുവടുകള്‍, കൃത്യമായ മെയ്‌വഴക്കം: കുരുന്നുകള്‍ക്ക് കളരിപ്പയറ്റിന്‍റെ ആദ്യപാഠം ചൊല്ലിക്കൊടുത്ത് ശ്രീഭാരത് കളരി സംഘം രാവിലെയും വൈകുന്നേരവുമായി രണ്ടുനേരം രണ്ടുമണിക്കൂർ വീതമാണ് പരിശീലനം. ഓരോ വർഷവും പുറത്തിറങ്ങുന്നതാകട്ടെ നൂറുകണക്കിന് വിദ്യാർഥികൾ. മെയ് പയറ്റ്, കോൽത്താരി, അങ്കത്താരി , വെറും കൈ തുടങ്ങി പ്രധാനമായും 4 വിഭാഗങ്ങളിലാണ് പരിശീലനം. അറപ്പുകൈയ്യൻ അല്ലെങ്കിൽ വട്ടേൻ തിരിപ്പ് സമ്പ്രദായത്തിലൂടെയാണ് കളരി പരിശീലനം മുന്നോട്ടുപോകുന്നത്.
ഭാരത് കളരി പരമ്പര്യത്തിൻ്റെ ഭംഗി ഇതിനകം ഇന്ത്യയ്ക്കകത്തും ,പുറത്തും അറിയപ്പെട്ട് കഴിഞ്ഞു. ബെൽജിയം, ലക്സംബർഗ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഗോവ, ബോംബെ, കൊൽക്കത്ത ,ഗുജറാത്ത് തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ് ഇവർ കളരിപ്പയറ്റ് അവതരിപ്പിച്ചത്.
മെയ് വഴക്കമുണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ പരിശീലനം ലഭിക്കുന്നു എന്ന സന്തോഷത്തിലാണ് ഇവിടുത്തെ കുട്ടികൾ. നിരവധി മത്സരങ്ങളിലും ഇവർ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.