കണ്ണൂര് :സോഷ്യൽ മീഡിയയും പ്രതിപക്ഷവും ഇപ്പോൾ ഭരണപക്ഷത്തെ എടുത്തിട്ട് അലക്കുന്നത് ഒരു 515ന്റെ കണക്കുകൊണ്ടാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് ഇങ്ങനെ. "മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി. സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150, അപേക്ഷകളുടെ ഫോട്ടോസ്റ്റാറ്റ് : 50, ഉച്ചവരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30, കുപ്പിവെള്ളം : 15, ആകെ : 245. ലാഭം: 270/- ആ പൈസയ്ക്കിനി ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം (Complaint Against Nava Kerala Sadas).
ഇങ്ങനെ പോകുന്നു ട്രോളുകൾ. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനായ പരാതിക്കാരനായ ഒരാളാണ് തനിക്ക് കിട്ടിയ ഇളവിനെ കുറിച്ച് രേഖകൾ സഹിതം പറഞ്ഞത്. വീട് അറ്റകുറ്റപ്പണിക്കെടുത്ത നാല് ലക്ഷം രൂപയുടെ വായ്പയിൽ കേരള ബാങ്കിന്റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം (Nava Kerala Sadas Loan Exemption Rs 515).