കണ്ണൂർ: മൈതാന നിർമ്മാണം എന്ന പേരിൽ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മണ്ണ് കടത്തുന്നതായി ആരോപണം. കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് ഓഫീസിനു പിൻവശത്ത് കെ കെ എൻ സ്‌മാരക സാംസ്‌കാരിക നിലയത്തിന് മുന്നിലെ 60 സെന്‍റ് സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കാണ് മണ്ണ് കൊണ്ട് പോകുന്നതെന്നും ആക്ഷേപമുണ്ട്.
ഇതുവരെ 160 ലോഡ് മണ്ണ് ഇവിടുന്ന് കടത്തി കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ച് അടിയോളം താഴ്‌ചയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് മണ്ണെടുപ്പ്. ഇത് തുടർന്നാൽ പ്രദേശത്തെ വീടുകൾക്ക് ഭീഷണി ആകുമെന്നും പ്രദേശവാസികൾ പറയുന്നു. അവധി ദിവസങ്ങളിലാണ് സാംസ്ക്കാരിക നിലയത്തിന് മുൻവശത്ത് നിന്നും ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്.
ആകെ മൊത്തം ദുരൂഹത:വില്ലേജ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തി മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് മണ്ണ് കടത്തുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. മണ്ണെടുക്കുന്ന സ്ഥലത്തിന്‍റെ ഉടമയെ കുറിച്ചും ദുരൂഹതയാണ്. സ്ഥലം ആരുടേതാണെന്ന് വെളിപ്പെടുത്താൻ വില്ലജ് അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊതു മൈതാനം നിർമ്മിക്കുന്നതിൽ എതിർപ്പില്ല. എന്നാല്‍, മണ്ണ് കടത്തിലും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലുമാണ് പരാതിയെന്ന് നാട്ടുകാർ വിശദീകരിക്കുന്നു.
അതേസമയം, മണ്ണ് നീക്കം ചെയ്യുന്നത് കളിസ്ഥലം ഉണ്ടാക്കുന്നതിനാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തി ആണ് ഇപ്പോൾ നടക്കുന്നത്. ഈ സ്ഥലം സാംസ്‌കാരിക നിലയത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും വാദമുണ്ട്. മണ്ണെടുക്കുന്ന സ്ഥലത്ത് നിലവില്‍ ഒരു പൊതു വഴിയുണ്ട്. മണ്ണെടുത്ത് കഴിയുന്നതോടെ പൊതുവഴി ഇല്ലാതാകുമെന്നും ആശങ്കയുണ്ട്.