കണ്ണൂർ : കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ചെമ്പേരി സ്വദേശി ലതയ്ക്കാണ് മാരക വിഷമുള്ള അണലിയുടെ കടിയേറ്റത്.
വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വച്ചാണ് ലതയ്ക്ക് അണലിയുടെ കടിയേറ്റത്. തുടർന്ന് ലതയെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
പാമ്പ് കടിച്ചെന്ന് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.
ജനല്‍ വഴിയോ വാതില്‍ വഴിയോ ആയിരിക്കാം പാമ്പ് റൂമിനുള്ളിലേക്ക് കടന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ലത അപകടനില തരണം ചെയ്‌തുവെന്ന് മെഡിക്കൽ കോളജ് അധികൃതരും വ്യക്തമാക്കി.
പൂച്ച കടിച്ചതിന് വാക്‌സിനെടുക്കാൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പട്ടി കടിച്ച സംഭവം കഴിഞ്ഞ വർഷം സെപ്‌റ്റംബർ 30നാണ് നടന്നത്. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ വിഴിഞ്ഞം സ്വദേശിനി അപര്‍ണയെയാണ് ആശുപത്രിക്കുള്ളില്‍ വച്ച് തെരുവ് നായ കടിച്ചത്. ഡോക്‌ടറുടെ കൈയില്‍ നിന്നും കുറിപ്പടി വാങ്ങുന്നതിനിടെ നായയുടെ വാലില്‍ അറിയാതെ ചവിട്ടുകയായിരുന്നു. തുടർന്നാണ് നായ ആക്രമിച്ചത്.
More read :പൂച്ച കടിച്ചതിന് വാക്‌സിനെടുക്കാൻ ആശുപത്രിയിലെത്തിയ യുവതിയെ പട്ടി കടിച്ചു
ആശുപത്രി വാർഡിൽ എലികൾ : അടിമാലി താലൂക്ക് ആശുപത്രി വാര്‍ഡില്‍ എലികള്‍ തലങ്ങും വിലങ്ങും പായുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും കിടക്കുന്ന വാര്‍ഡിലായിരുന്നു എലിശല്യം രൂക്ഷമായത്. കൊവിഡും പകര്‍ച്ചപ്പനിയും വ്യാപകമാകുമ്പോൾ ആശുപത്രി വാര്‍ഡില്‍ എലികള്‍ വിഹരിക്കുന്നതില്‍ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.
ആദിവാസി മേഖലകളില്‍ നിന്നും തോട്ടം മേഖലകളില്‍ നിന്നുമൊക്കെ ദിവസവും നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടി ഇവിടെ എത്താറുണ്ട്.
More read :ആശുപത്രി വാർഡ് നിറഞ്ഞ് എലികൾ..! അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികൾ ഭീതിയില്‍
സ്‌കൂൾ ബസിൽ നിന്നിറങ്ങിയപ്പോൾ പാമ്പ് കടിയേറ്റു : തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാർഥിയെ സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ വഴി പാമ്പ് കടിച്ചിരുന്നു. കുമരനെല്ലൂർ സ്വദേശിയും ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായ അദേശിനാണ് പാമ്പ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയെ കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സ്‌കൂളിനെക്കുറിച്ച് പരാതിയില്ലെന്നും സ്‌കൂളിൽ ശുചീകരണം പൂർത്തിയായത് താൻ നേരിട്ട് കണ്ടിരുന്നുവെന്നും ആകസ്‌മികമായാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നുമായിരുന്നു കുട്ടിയുടെ പിതാവിന്‍റെ പ്രതികരണം.
More read :വടക്കാഞ്ചേരിയിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു ; അണലി കടിച്ചത് സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍