കണ്ണൂർ :കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികളെ ഏറെ സന്തോഷത്തോടെയാണ് അധ്യാപകരും അധികൃതരും വരവേറ്റത്. എന്നാൽ മമ്പറം കീഴത്തൂർ യു.പി സ്കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്നത് ഒരു റോബോട്ട് ടീച്ചറമ്മയാണ്.
ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക് എത്തിയ വിദ്യാർഥികളെ ക്ലാസ് റൂമിലേക്ക് ആകർഷിക്കാൻ അധ്യാപകനായ ഇ. രാഗേഷ് ആണ് സ്മാർട്ട് ടീച്ചറെ വികസിപ്പിച്ച് കുട്ടികൾക്ക് സമ്മാനിച്ചത്. ക്ലാസ് എടുക്കുന്നതോടൊപ്പം കൊവിഡ് പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും ഈ ടീച്ചറമ്മയാണ്.
ALSO READ: Sabarimala Pilgrimage | മണ്ഡലകാലം പകുതി പിന്നിട്ടു ; ദുരിതം ഒഴിയാതെ പൂജാദ്രവ്യ വിപണി
സ്കൂൾ മുറ്റത്ത് എത്തുന്ന കുട്ടികളുടെ അഭിസംബോധനയ്ക്ക് മറുപടി പറയുന്നതോടെ റോബോട്ട് ടീച്ചറമ്മയുടെ പ്രവർത്തികൾ തുടങ്ങുകയായി. കൊവിഡ് പ്രതിരോധ ചുമതലകൾ എല്ലാം നിർവഹിച്ച ശേഷം ശരീരോഷ്മാവ് ഉൾപ്പടെ പരിശോധിച്ചാണ് ഓരോ കുട്ടിയെയും അകത്തേക്ക് കടത്തിവിടുന്നത്. പാഠഭാഗങ്ങൾ കൃത്യതയോടെ പഠിപ്പിക്കുന്നതിനും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനും ടീച്ചറമ്മ ക്ലാസിലുണ്ടാകും.
സ്കൂളിലെ റോബോട്ടിക് ക്ലബ്ബാണ് വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കുട്ടികളെ വൃത്തിയായി പരിപാലിക്കുന്നതോടൊപ്പം സ്കൂളിന്‍റെ അച്ചടക്കവും ഈ സ്മാർട്ട് ടീച്ചർക്ക് നിർബന്ധമാണ്. മദ്യപിച്ച് സ്കൂളിനകത്ത് കടക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ റെഡ് സിഗ്നൽ നൽകി ടീച്ചറമ്മ പുറത്തിരുത്തും. ഏതായാലും നാട്ടുകാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട അധ്യാപികയായി മാറിയിരിക്കുകയാണ് ഈ റോബോട്ട്.