പയ്യന്നൂര്‍: പശുക്കള്‍ക്ക് ചർമ്മമുഴ രോഗം വ്യാപിക്കുന്നത് പയ്യന്നൂർ മാത്തിലിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണ് ചെയ്യുന്നത്. രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് പലരുടെയും പശുക്കൾ ചത്തു.
തൊഴുത്തിലെ ഒരു പശുവിന് രോഗം വന്നാൽ മറ്റു പശുക്കളിലേക്കും രോഗം വ്യാപിക്കുന്നു. രോഗം പിടിപെട്ട പശുക്കളില്‍ പാല്‍ ഉത്പാദനവും കുറയുന്നു. പശുക്കളില്‍ രോഗം പിടിപ്പെട്ടാല്‍ പച്ചമരുന്ന് അരച്ചിടുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഇത് രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്നും മാത്തിൽ കരിയാപ്പിലെ പരമ്പരാഗത ക്ഷീരകർഷക സി. രോഹിണി പറയുന്നു.