കണ്ണൂർ: ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ മൂന്നു പേര്‍ക്കും മുംബൈയില്‍ നിന്നും എത്തിയ മൂന്നു പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് എത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരന്‍, മെയ് 30ന് ദുബായില്‍ നിന്ന് എത്തിയ ചെമ്പിലോട് സ്വദേശി 50കാരി, ജൂണ്‍ ഒന്നിന് മോസ്‌കോയില്‍ നിന്ന് വിമാനത്തിൽ നാട്ടിലെത്തിയ താണ സ്വദേശിയായ 46കാരി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്
വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും മുംബൈയിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈയിൽ നിന്ന് മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31ന് എത്തിയ മാട്ടൂല്‍ സ്വദേശിയായ 40കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം ആറു പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരന്‍, പിണറായി സ്വദേശിയായ 61കാരന്‍, പാനൂര്‍ സ്വദേശി 49കാരന്‍, പെരളശ്ശേരി സ്വദേശി 48കാരന്‍, പാട്യം സ്വദേശി 24കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍ എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 8133 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7542 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 7110 എണ്ണം നെഗറ്റീവാണ്. 591 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.