കണ്ണൂർ: സിപിഎമ്മിനെ ഞെട്ടിച്ച് നിർണായക വെളിപ്പെടുത്തലുമായി ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്താന്‍ ആഹ്വാനം ചെയ്‌തവർക്ക് ജോലി കിട്ടി. നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണുണ്ടായതെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്‍റില്‍ വെളിപ്പെടുത്തി.
കണ്ണൂർ മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. തങ്ങൾ വാതുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ല. ആഹ്വാനം ചെയ്‌തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലുമാണ് നേരിടേണ്ടി വന്നത്.
പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും ആകാശ് വെളിപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്‌ബി പോസ്റ്റിന് കമന്‍റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ്‌ബുക്കിലൂടെ വാക്ക് തർക്കങ്ങളുണ്ടായിരുന്നു.
'ആകാശിന്‍റെ ശ്രമം ഷാജറിനെ കുടുക്കാന്‍':ഡിവൈഎഫ്ഐ നേതാവ് ഷാജർ, ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിജയിച്ച ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ്‌ഐ നേതാവിട്ട പോസ്റ്റിന് കമന്‍റായാണ് ആകാശ് വെളിപ്പെടുത്തല്‍ നടത്തിയത്.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്‍റെ വാക്കുകൾ വാർത്തയായതോടെ, ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്‌തു. വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്‌താണ് വിരോധമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.
ആകാശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി എംവി ജയരാജന്‍:ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തി. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല. പാര്‍ട്ടി ഒരു അന്വേഷണത്തേയും ഭയക്കുന്നില്ല. ഏത് നേതാവാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്‌തതെന്ന് ആകാശ് വ്യക്തമാക്കണം. കേസില്‍ മാപ്പ് സാക്ഷിയാക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. ആകാശിനെതിരെ പൊലീസ് അന്വേഷണം വേണമെന്നും എംവി ജയരാജന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് ക്വട്ടേഷനാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഇയാളെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്‌ഐ. നേതാക്കളെ വ്യക്തിപരമായി സാമൂഹ്യ മാധ്യമങ്ങളില്‍ ആകാശ് ആക്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.