കണ്ണൂര്‍: അകക്കണ്ണ് കൊണ്ട് കണ്ടറിഞ്ഞും ശബ്‌ദങ്ങളാൽ കേട്ടറിഞ്ഞും കുറുമാത്തൂർ സ്വദേശിനിയായ ഫാത്തിമത്തുൽ സഫ്‌നാസ് നെയ്തെടുത്ത പുസ്‌തകമാണ് മധുരിക്കുന്ന ഉപ്പ്. സഫ്‌നാസിന് ജന്മനാ വലതു കണ്ണിന് കാഴ്‌ചശക്തിയില്ല. ഇടതുകണ്ണിന് ഗ്ലോക്കോമ ബാധിച്ച് 25% മാത്രമാണ് ഇപ്പോൾ കാഴ്‌ച ശക്തി. പരിമിതികൾ മറികടന്ന് തന്‍റെ അകക്കണ്ണു കൊണ്ട് കണ്ടറിഞ്ഞ നിമിഷങ്ങളെ കഥകളാക്കി മാറ്റിയ സഫ്‌നാസ് ഭിന്നശേഷി ദിനത്തിൽ തന്‍റെ രചന പുസ്‌തകമായി പുറത്തിറങ്ങുന്നതിന്‍റെ സന്തോഷത്തിലാണ്.
അകകണ്ണിന്‍റെ കാഴ്‌ചയില്‍ കഥകള്‍ പറഞ്ഞ് ഫാത്തിമത്തുൽ സഫ്‌നാസ് - കണ്ണൂര്‍
ജന്മനാ വലതു കണ്ണിന് കാഴ്‌ചശക്തിയില്ലാത്ത തളിപ്പറമ്പ സർ സയ്യദ് കോളേജിൽ വിദ്യാർഥി ഫാത്തിമത്തുൽ സഫ്‌നാസ് എഴുതിയ ചെറുകഥാ സമാഹാരം ഇന്ന് പ്രകാശനം ചെയ്യും.
![അകകണ്ണിന്‍റെ കാഴ്‌ചയില്‍ കഥകള്‍ പറഞ്ഞ് ഫാത്തിമത്തുൽ സഫ്‌നാസ് short story collection by fathimathul safnas international day of person with disabilities kannur kannur local story ഫാത്തിമത്തുൽ സഫ്‌നാസ് ലോക ഭിന്നശേഷി ദിനം കണ്ണൂര്‍ കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9747778-thumbnail-3x2-blindgirl.jpg)
തളിപ്പറമ്പ സർ സയ്യദ് കോളേജിൽ ബിഎ ഹിസ്റ്ററി വിദ്യാർഥിനിയാണ് ഫാത്തിമത്തുൽ സഫ്‌നാസ്. കോളജിലെ അധ്യാപകരും വീട്ടുകാരും നൽകിയ പിന്തുണയാണ് പുസ്‌തകം പ്രകാശനം ചെയ്യുന്നതിന് പ്രചോദനമായത്. വായനക്കാർക്ക് പരിചിതമായ പരിസരങ്ങളെ വാർത്തകൾ വഴിയും റേഡിയോ വഴിയും ഒക്കെ കേട്ടും അകക്കണ്ണാൽ അറിഞ്ഞുമാണ് ചെറുകഥകളുടെ രചന. കാഴ്‌ച ശക്തിയുടെ പ്രശ്‌നമുള്ളതിനാൽ വളരെ അടുത്ത് പുസ്‌തകം ചേർത്ത് പിടിച്ചാണ് എഴുതിയിരുന്നത്. എന്നാൽ സഫ്‌നാസിന് സഹായവുമായി സുഹൃത്തുക്കളായ മർജാന, ഹൈഫ, ഗാലീദ എന്നിവർ കൂടി എത്തിയപ്പോൾ ചെറുകഥകൾക്ക് ജീവൻവെച്ചു തുടങ്ങി. കോളജിലെ അധ്യാപകരുടെ സഹായം കൂടി ലഭിച്ചതോടെ ചെറുകഥാ സമാഹാരം ജനങ്ങളിൽ എത്തുകയാണ്. ലോക ഭിന്നശേഷി ദിനാചാരണത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം കുറുമാത്തൂർ സൗത്ത് എൽപി സ്‌കൂളിൽ വെച്ച് യുവ എഴുത്തുകാരി നസ്രി നമ്പ്രം പുസ്‌തകം പ്രകാശനം ചെയ്യും. കുറുമാത്തൂര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ സഹകരണത്തോടെ സി എച്ച് സ്റ്റഡി സെന്‍ററാണ് പുസ്‌തകത്തിന്‍റെ ചെലവ് വഹിക്കുന്നത്.