കണ്ണൂർ: നഗരത്തിൽ സ്ത്രീകൾക്കായി 'ഷീ നൈറ്റ് ഹോം' എന്ന പേരിൽ സുരക്ഷിതയിടം ഒരുക്കി ജില്ലാ പഞ്ചായത്ത്. രാത്രിയിൽ പട്ടണത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും പരീക്ഷയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തിച്ചേരുന്ന വിദ്യാർഥിനികൾക്കും ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.
നഗരകേന്ദ്രത്തിൽ വനിതകൾക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന നിലയിലാണ് ഷീ നൈറ്റ് ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒരേ സമയം എട്ട് പേർക്ക് ഇവിടെ അന്തിയുറങ്ങാം. എല്ലാ മുറികളും ശീതികരിച്ചതാണ്. പരമാവധി 24മണിക്കൂർ മാത്രമേ താമസ സൗകര്യം അനുവദിക്കുകയുള്ളൂ. 300 രൂപയാണ് സർവീസ് ചാർജ്. 12 മണിക്കൂർ നേരത്തേക്കാണെങ്കിൽ 150 രൂപ അടച്ചാൽ മതിയാകും. പതിനെട്ട് വയസ് പൂർത്തിയായവർക്കാണ് താമസ സൗകര്യം നൽകുന്നത്. പത്തു വയസുവരെയുള്ള കുട്ടികളെ ഒപ്പം നിർത്താം.