കണ്ണൂർ:കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു കണ്ണൂർ ജില്ലയിലെ അഴീക്കോട്. എംവി നികേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് രംഗപ്രവേശവും കെഎം ഷാജിയുടെ പോരാട്ട വീര്യമായിരുന്നു മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ഇത്തവണയും അഴീക്കോട് ശ്രദ്ധ കേന്ദ്രമാണ്. കെഎം ഷാജി മൂന്നാം തവണയും അഴീക്കോട് തന്നെ മത്സരിക്കുമോ എന്നതാണ് ചർച്ചാ വിഷയം. അതിനിടെ, അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി പ്രത്യേക കൺവൻഷൻ വിളിച്ച് ചേർത്തതോടെ മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചന ശക്തമാകുകയാണ്. തീരുമാനങ്ങളെല്ലാം പാർട്ടിക്ക് വിട്ട ഷാജി യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനുള്ള തുടക്കം കുറിക്കലാണ് കൺവെൻഷൻ എന്ന് വ്യക്തമാക്കി.
എതിർ സ്ഥാനാർഥിയായി നികേഷ് കുമാർ വന്നാലും പി ജയരാജൻ വന്നാലും യുഡിഎഫിന് വിജയം എളുപ്പമാകുമെന്ന് ഷാജി പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം എന്ത് ചെയ്താലും അതിനെ നേരിടുമെന്നും ഷാജി വ്യക്തമാക്കി. നേരിയ ഭൂരിപക്ഷത്തിൽ 2011 ൽ എൽഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയും 2016 ൽ നിലനിർത്തുകയും ചെയ്ത ഷാജിക്ക് മൂന്നാം തവണ ഇറങ്ങുമ്പോൾ വിലങ്ങുതടിയാകുന്നത് അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസും വിജിലൻസ് അന്വേഷണം തുടരുന്നതുമാണ്.